ന്യൂഡൽഹി: ആഹാരവുമായി വരുന്നത് അഹിന്ദുവായ ഡെലിവറി ബോയിയാണെന്ന് അറിഞ്ഞ് ഓർഡർ റദ്ദാക്കിയ സംഭവമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഫൈയാസ് എന്ന സൊമാറ്റോ ജീവനക്കാരനായിരുന്നു അമിത് ശുക്ല എന്ന കസ്റ്റമറിന് ഭക്ഷണം കൊണ്ടുപോകേണ്ടയിരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൈയാസ്.
'ഞങ്ങൾ പാവങ്ങളല്ലേ, അപ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരുമല്ലോ, ഇക്കാര്യത്തിൽ വിഷമമുണ്ട് എങ്കിലും പരാതിയൊന്നുമില്ലയെന്ന്' യുവാവ് പറഞ്ഞു. 'അഹിന്ദുവായ ഒരാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്നറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയ്യാറായില്ല. കൂടാതെ ഓർഡർ റദ്ദാക്കിയാൽ പണം തിരികെ തരില്ലെന്നും പറഞ്ഞു. നിങ്ങൾക്ക് എന്നെ നിർബന്ധിക്കാനാകില്ല. എനിക്ക് പണം തിരികെ വേണ്ട ഓർഡർ റദ്ദ് ചെയ്താൽ മതിയെന്ന്'. കസ്റ്റമർ ട്വീറ്റ് ചെയ്തിരുന്നു.
സംഭവം ചർച്ചയായതോടെ നിലപാട് വ്യക്തമാക്കി സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ ഉൾപ്പെടെ ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സംസ്‌കാരത്തിൽ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളോട് ബഹുമാനമുണ്ട്. അതേസമയം മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓർഡറുകൾ നഷ്ടമാകുന്നതിൽ വിഷമമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.