unnao

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പരിഗണിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി പെൺകുട്ടി സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിച്ച കേസ് ഏഴ് ദിവസത്തിനകം അന്വേഷിച്ച് കുറ്റപത്രം സമർപ്പിക്കണമെന്ന് സി.ബി.ഐയോട് നിർദ്ദേശിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസമെങ്കിലും എടുക്കുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും ഇക്കാര്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കേസിന്റെ സ്‌റ്റാറ്റസ് റിപ്പോർട്ട് തരാമെന്ന് സി.ബി.ഐ പറഞ്ഞെങ്കിലും 14 ദിവസങ്ങൾക്കകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. കേസിൽ മുഖ്യപ്രതിയായി ജയിലിൽ കഴിയുന്ന ബി. ജെ. പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെൺകുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പരിഗണിക്കുകയായിരുന്നു കോടതി.

സുരക്ഷയും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുടുംബവുമായി സംസാരിച്ച ശേഷം പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റണമെന്നും കോടതി നിർദ്ദേശിച്ചു. പെൺകുട്ടിക്ക് കേന്ദ്രസേനയുടെ സുരക്ഷ നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. പെൺകുട്ടിക്കും കുടുംബത്തിനും സി.ആർ.പി.എഫ് സുരക്ഷ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം ഉന്നാവോ കേസ് അന്വേഷിക്കാൻ പ്രത്യേക കോടതി രൂപീകരിക്കുമെന്നും കേസിന്റെ വിചാരണ നടപടികൾ 45 ദിവസത്തിനുള്ളിൽ പ്രത്യേക കോടതി പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. അപകടം സംബന്ധിച്ചുള്ള അന്വേഷണം 7 ദിവസത്തിനകം പൂർത്തിയാക്കണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഈ കേസിൽ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റണെന്നും കോടതി വ്യക്തമാക്കി. നിലവിൽ ഇതുമായി ബന്ധപ്പെട്ട് നാല് കേസുകൾ ലക്‌നൗ കോടതിയാണ് പരിഗണിക്കുന്നത്. യു.പിക്ക് പുറത്തേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നാണ് വിവരം. വാഹനാപകടത്തിൽ പരിക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ചും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയുടെ ചോദ്യമുണ്ടായി. ആവശ്യമെങ്കിൽ കുട്ടിയെ ‌ഡൽഹിയിലേക്ക് എയർ ലിഫ്‌റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിനായി വേണമെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം, കുട്ടിയെ ഉടൻ തന്നെ ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഇതിനായി ലക്‌നൗവിലെ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ എയർ ആംബുലൻസ് സംവിധാനം ഒരുക്കിനിറുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

അതിനിടെ, കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കുൽദീപ് സിംഗ് സെൻഗറിനെ ബി.ജെ.പിയിൽ നിന്നും പുറത്താക്കി. ഇത്രയൊക്കെ ആരോപണങ്ങൾ ഉണ്ടായിട്ടും എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിനിടെയാണ് നീക്കം. നേരത്തെ കുൽദീപിനെ സസ്‌പെൻഡ് ചെയ്‌തതായി ബി.ജെ.പി അറിയിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തിറക്കിയിരുന്നില്ല. ആരോപണം ഉയർന്ന് ഇത്രയും നാൾ കഴിഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മുഖം രക്ഷിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.