ഒറ്റ ഫ്രെയിമിൽ ചിത്രീകരിച്ച കാർട്ടൂണുകളും മികച്ച അംഗീകാരങ്ങൾ നേടിത്തന്നിട്ടുണ്ട്. അത്തരമൊരു കാർട്ടൂണിന്റെ കഥ. 2006, 2011 വർഷങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരം വി.എസ് അച്യുതാനന്ദൻ ആയിരുന്നു. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും വി.എസ്. മത്സരിക്കേണ്ട എന്നായിരുന്നു സി.പി.എം സംസ്ഥാനകമ്മറ്റിയുടെ ആദ്യ തീരുമാനം. ഈ തീരുമാനം പുറത്തുവന്നതിനെ തുടർന്ന് പാർട്ടി അണികൾക്കിടയിൽ ഉണ്ടായ കടുത്ത പ്രതിഷേധത്തെത്തുടർന്ന് രണ്ടുതവണയും കേന്ദ്രനേതൃത്വം ഇടപെട്ട് വി.എസിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
2006ൽ ഇടതുമുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് വി.എസ് മുഖ്യമന്ത്രിയായി. 2011 ൽ ഏതാണ്ട് ഭരണത്തുടർച്ച ഉണ്ടാകും എന്ന് തോന്നിപ്പിച്ച സന്ദർഭത്തിലും വി.എസിന് സീറ്റ് നിഷേധിക്കുക എന്ന നിലപാടാണ് സംസ്ഥാനനേതൃത്വം കൈക്കൊണ്ടത്. 2006 ലേതിന് സമാനമായ പ്രതിഷേധങ്ങൾക്കൊടുവിൽ വി.എസിനെ മൽസരിപ്പിക്കാൻ കേന്ദ്രനേതൃത്വം നിർബന്ധിതമാകുകയായിരുന്നു.
ഇങ്ങനെ രണ്ടു തവണയും സ്ഥാനാർത്ഥിത്വം പിടിച്ചുവാങ്ങി പാർട്ടിയോടു പൊരുതി നിന്ന വി.എസ് കൂടുതൽ ജനകീയനായി മാറി. നവമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ ചെറുപ്പക്കാരെയും കയ്യിലെടുക്കാൻ വി.എസിനായി. വി.എസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ കൈമെയ് മറന്ന് വാദിച്ചവരെല്ലാം പിന്നീട് വി.എസിന്റെ ചിത്രം ഒപ്പം ചേർത്ത് പോസ്റ്ററും ഫ്ലെക്സുമടിക്കുകയും പ്രചാരണത്തിനായി അദ്ദേഹത്തെ തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻ മത്സരിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. 2011ൽ ഫോട്ടോഫിനിഷ് എന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലം എത്തിക്കാൻ വി.എസിന് സാധിച്ചു. വെറും നാലു സീറ്റുകളുടെ വ്യത്യാസത്തിലാണ് അന്ന് ഇടതുമുന്നണിയ്ക്ക് ഭരണത്തുടർച്ച നഷ്ടമായത്. വി.എസ് വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാൻ പാർട്ടി മനഃപൂർവം തോറ്റുകൊടുത്തു എന്നുവരെ ആക്ഷേപമുണ്ടായി.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 2016 ലെ തിരഞ്ഞെടുപ്പിൽ വി.എസ് മൽസരിക്കുമോ എന്ന ചോദ്യം 2015 ന്റെ അവസാനനാളുകളിൽ ഉയർന്നുവന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഇത്. വി.എസും പിണറായിയും മത്സരിക്കുകയാണെങ്കിൽ ആരായിരിക്കും ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ നയിക്കുക? ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നൊക്കെയായിരുന്നു പ്രധാന ചോദ്യങ്ങൾ. ഏതുവിധേനയും ഭരണം പിടിക്കണം എന്നു നിശ്ചയിച്ച ഇടതുമുന്നണിയെ സംബന്ധിച്ച് മുന്നണിയിലെ ഏറ്റവും പൊതുജന സ്വീകാര്യനായ നേതാവായ വി.എസ് അത്തവണ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുൻനിരയിൽ ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു.
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും. വി.എസ് മത്സരിക്കാനിറങ്ങാതെ പ്രചരണം നയിക്കണമെന്ന നിലപാടിൽ സംസ്ഥാനത്തെ പ്രബലവിഭാഗം ഉറച്ചുനിന്നു. പക്ഷേ 93 കാരനായ വിഎസ് തിരഞ്ഞെടുപ്പിൽ നായകനാവണമെന്ന നിലപാടിലായിരുന്നു ഘടകകക്ഷിയായ സി.പി.ഐ. വിഎസിനെ മുൻനിർത്താതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ തിരിച്ചടിയുണ്ടാവുമെന്ന ആശങ്ക പാർട്ടി കേന്ദ്ര നേതൃത്വത്തിനുമുണ്ടായിരുന്നു.
ഇതായിരുന്നു കാർട്ടൂണിന്റെ രാഷ്ട്രീയ പശ്ചാത്തലം. തന്നെ മത്സരിപ്പിക്കാതിരിക്കാൻ പാർട്ടിയിൽ അണിയറനീക്കം നടക്കുന്നെണ്ടന്ന വാർത്തകൾക്കിടയിൽ താൻ മത്സരിക്കുന്ന കാര്യം പാർട്ടിയും ജനങ്ങളും തീരുമാനിക്കും എന്ന വി.എസിന്റെ വാക്കുകളുടെ ചുവട് പിടിച്ചായിരുന്നു കാർട്ടൂൺ.
വി.എസ് അച്യുതാനന്ദൻ മത്സരിക്കേണ്ടതില്ല, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി വിജയൻ മതി. എന്നാൽ വി.എസിന്റെ പൊതുജന സമ്മതി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉപയോഗപ്പെടുത്തുകയും വേണം എന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ രസകരമായ നിലപാടാണ് കാർട്ടൂണിന് വിഷയമായത്. ഏത് രാഷ്ട്രീയ സാഹചര്യത്തേയും ജനങ്ങളുടെ മനസിലുള്ള മറ്റൊരു ഇമേജിലേക്ക് ബന്ധിപ്പിക്കുകയാണ് ആശയവിനിമയത്തിനുള്ള ഒരു എളുപ്പ മാർഗം. പുരാണകഥളിലോ പഴഞ്ചൊല്ലുകളിലോ സിനിമാസന്ദർഭങ്ങളിലോ ഒക്കെയായി ജനമനസിൽ പതിഞ്ഞ ഇമേജുകളോ വാചകങ്ങളോ ആണ് ഇത്തരത്തിൽ കാർട്ടൂണിനായി ഉപയോഗപ്പെടുത്താറുള്ളത്.
ഇവിടെ സമാനമായ അത്തരം ഏതെങ്കിലും സന്ദർഭത്തെക്കുറിച്ച് ആലോചിപ്പോൾ പൊടുന്നനെ അതിശയകരമായ ഒരു സാദൃശ്യം ഓർമ്മ വന്നു. അച്യുതാനന്ദൻ എന്നത് ഭഗവാൻ ശ്രീകൃഷ്ണന്റെ പര്യായമാണല്ലോ. വിജയൻ എന്നത് അർജ്ജുനന്റെ വിളിപ്പേരും. കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ തേരാളിയായിരുന്നു കൃഷ്ണൻ. നേരിട്ട് യുദ്ധത്തിന് ഇറങ്ങില്ല, എങ്കിലും യുദ്ധത്തിൽ അർജ്ജുനന്റെ പക്ഷത്ത് സഹായിയായി നിൽക്കാം എന്ന ഉറപ്പിലാണ് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായത്.
വിജയന്റെ തേരാളിയായ അച്യുതൻ എന്നാലോചിപ്പോൾ കാര്യങ്ങൾ എളുപ്പമായി. തിരഞ്ഞെടുപ്പ് യുദ്ധഭൂമിയിലേക്ക് കുതിക്കാനൊരുങ്ങുന്ന രഥം. സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ, ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നീ കുതിരകളെ പൂട്ടിയ രഥത്തിൽ പുരാണകഥയിലെ തേരാളിയായ കൃഷ്ണനു പകരം 'അച്യുതാ"നന്ദൻ. യുദ്ധം ചെയ്ത് നഷ്ടപ്പെട്ട രാജ്യഭരണം വീണ്ടെടുക്കനൊരുങ്ങുന്ന അർജ്ജുനനായി പിണറായി 'വിജയൻ". തേരാളിയായ അച്യുതനോട് പോരാളിയായ വിജയന്റെ ഡയലോഗുമുണ്ട്. 'അച്യുതൻ പോരിനിങ്ങണമെന്നില്ല. വിജയന്റെ തേരാളിയായാൽ മതി."
(പാർട്ടിക്കുള്ളിലും പുറത്തും പോരിനിറങ്ങാതെ വിജയനുവേണ്ടി പ്രചരണത്തിനിറങ്ങണമെന്ന് വ്യംഗ്യം.) പേപ്പറും പേനയും ഉപയോഗിക്കാതെ സാംസംഗ് ഗാലക്സി ടാബിലായിരുന്നു വര. മഹാഭാരതത്തിലെ സമാന സന്ദർഭം ഓർമ്മിക്കുന്നവർക്ക് ഏറെ രസിക്കുന്നതാവും കാർട്ടൂൺ എന്ന് ഉറപ്പായിരുന്നു.
2015 നവംബർ 24 ന് കേരളകൗമുദിയുടെ ഒന്നാം പേജിൽ ഏറ്റവും മുകളിലായി നല്ല പ്രാധാന്യത്തോടെയാണ് ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിച്ചതു പോലെ കാർട്ടൂണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം പ്രസ്ക്ലബിന്റെ ആ വർഷത്തെ മികച്ച കാർട്ടൂണിനുള്ള അവാർഡും ഇതേ കാർട്ടൂണിനായിരുന്നു.
ഏറെ വിവാദങ്ങൾ ഉയർത്തിയെങ്കിലും തിരഞ്ഞെടുപ്പിൽ വി.എസും പിണറായിയും മത്സരിക്കട്ടെ എന്ന നിലപാടിൽ സി.പി.എം കേന്ദ്രനേതൃത്വം അവസാനം എത്തിച്ചേർന്നു. മത്സരശേഷം വി.എസിനുള്ള ഉചിതമായ സ്ഥാനം നിശ്ചയിക്കും എന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതി ഇടതുമുന്നണിക്കില്ല എന്നും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. 93 വയസുള്ള താരപ്രചാരകനും പാർട്ടിയുടെ ശക്തനായ പോരാളിയും ചേർന്നു നയിച്ച 2016 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭൂരിപക്ഷം നേടി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. വി.എസ് അച്യുതാനന്ദന് ഭരണ പരിഷ്കാരകമ്മീഷൻ ചെയർമാൻ സ്ഥാനവും ലഭിച്ചു.