ravana

ബംഗളൂരു: ലോകത്തിലെ ആദ്യത്തെ വൈമാനികൻ രാവണനാണെന്ന് ശ്രീലങ്കൻ സർക്കാർ. 5000വർഷം മുമ്പ് വിമാനം പറത്തിയെന്നും അഞ്ച് വർഷത്തിനുള്ളിൽ ഇക്കാര്യം തെളിയിക്കുമെന്നും സർക്കാർ പറയുന്നു. രാവണന്റെ പറക്കലിനെപ്പറ്റിയും അതിനുപയോഗിച്ച രീതികളെപ്പറ്റിയും പഠിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുകയാണ് ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി.


വിമാനം ഉപയോഗിച്ച് ആദ്യം പറന്നത് രാവണനാണെന്നതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് അതോറിറ്റി വൈസ് ചെയർമാൻ ശശി ദണതുംഗെ ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ശ്രീലങ്കയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ബന്ദാരനായകെ സ്ഥിതി ചെയ്യുന്ന കതുനായകെയിൽ വ്യോമയാന വിദഗ്ധരുടെ നേതൃത്വത്തിൽ സമ്മേളനം നടന്നിരുന്നു. സമ്മേളനത്തിലാണ് 5000വർഷം മുമ്പ് രാവണൻ വിമാനത്തിൽ പറന്ന കാര്യം പറഞ്ഞത്.

അതേസമയം രാവണൻ സീതയെ തട്ടിക്കൊണ്ടുപോയെന്ന് ശ്രീലങ്കക്കാർ വിശ്വസിക്കുന്നില്ല. അടുത്തിടെ ശ്രീലങ്ക 'രാവണൻ' എന്ന ഉപഗ്രഹം ബഹിരാകാശത്തേക്ക് അയച്ചിരുന്നു. രാവണൻ കുലീനനായ രാജാവാണെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.