ബാഹുബലി എന്ന പേരിൽ അറിയപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 2നെയും വഹിച്ചുകൊണ്ട് ബഹിരാകാശത്ത് കുതിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വൻ നേട്ടങ്ങളിലൊന്നാണ്. സ്പേസ് ടെക്‌നോളജിയിൽ വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ ചെലവ് കുറഞ്ഞ രീതിയിലാണ് ഇന്ത്യയുടെ ചന്ദ്രദൗത്യം ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. തൊട്ടുപിന്നാലെ ഈ രംഗത്ത് ഭാവിയിൽ നടക്കാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായിട്ടുണ്ട്. ചുരുക്കം ചില രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികൾ മാത്രം കയ്യടക്കി വച്ചിരുന്ന മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കൂടി കടന്നുവന്നതോടെ മനുഷ്യന്റെ ചിന്തകൾക്ക് അപ്പുറമുള്ള മാറ്റങ്ങളാണ് ഈ മേഖലയിൽ നടക്കുന്നത്. എലൻ മസ്‌കിന്റെ സ്പേസ് എക്‌സ് കമ്പനിയിൽ തുടങ്ങി പതിനഞ്ചോളം ചൈനീസ് കമ്പനികൾ വരെ ഈ മേഖലയിലേക്ക് കടന്നുവന്നിരിക്കുകയാണ്. എന്നാൽ ഇവരിൽ നിന്നെല്ലാം എലൻ മസ്‌കിനെ വ്യത്യസ്തനാക്കുന്നത് ഭ്രാന്തൻ ഐഡിയകളിലൂടെയാണ്.
ചൊവ്വയിൽ ഒരു മിനി ഭൂമി
എല്ലാ വസ്തുക്കളെയും പോലെ ഭൂമിയിലെ ജീവിതത്തിനും അവസാനമുണ്ടാകുമെന്ന് ശാസ്ത്രലോകം ഉറപ്പിച്ച് പറയുന്നു. ഇന്നല്ലെങ്കിൽ നാളെ സംഭവിക്കാവുന്ന ഈ അനിവാര്യദുരന്തത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാനായി ചൊവ്വയിൽ കോളനികൾ സ്ഥാപിക്കാനാണ് എലൻ മസ്‌കിന്റെ പദ്ധതി. ഇതിനായി നിരവധി പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തുന്നത്. മനുഷ്യരെയും ആവശ്യവസ്തുക്കളെയും പ്രപഞ്ചത്തിന്റെ അറിയാത്ത കോണിലേക്ക് എത്തിക്കാനുള്ള വാഹനത്തിന്റെ പണിപ്പുരയിലാണ് സ്പേസ് എക്‌സ്. ചൊവ്വയിലെത്തി ഭൂമിയിലേക്ക് മടങ്ങിവരാൻ കഴിയുന്ന വാഹനം, ചൊവ്വയിലും ഭൂമിയിലും ഇറങ്ങാനും കുതിച്ചുയരാനും കഴിയുന്ന ലോഞ്ച് പാഡ്‌സ്,റോക്കറ്റിൽ ഉപയോഗിക്കുന്ന ഇന്ധനം ചൊവ്വയിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് കമ്പനി ലക്ഷ്യം വയ്‌ക്കുന്നത്. മാത്രവുമല്ല 2024ൽ ആദ്യ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
അരമണിക്കൂറിനുള്ളിൽ ലോകത്തെവിടെയും പോകാം
ദൂരം ഇനിയൊരു പ്രശ്‌നമാകില്ലെന്നാണ് എലൻ മസ്‌കിന്റെ മറ്റൊരു വാഗ്‌ദ്ധാനം. അതായത് ലോകത്ത് എവിടെയുമുള്ള ലക്ഷ്യസ്ഥാനത്തേക്ക് മുപ്പത് മിനിട്ടിൽ താഴെ സമയമുണ്ടെങ്കിൽ റോക്കറ്റിൽ കയറി സഞ്ചരിക്കാം, അതും വിമാനടിക്കറ്റിന്റെ ചെലവിൽ. ഇതൊക്കെ ഇംഗ്ലീഷ് സിനിമയിൽ മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളല്ലേ എന്ന് ചിന്തിക്കാൻ വരട്ടെ, അധികം വൈകാതെ തന്നെ ഇക്കാര്യം യാഥാർത്ഥ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2017ലാണ് സ്പേസ് എക്‌സ് സ്ഥാപകനായ എലൻ മസ്‌ക് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. കടലിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ലോഞ്ച് പാഡിലേക്ക് ആദ്യം ആളുകളെ എത്തിക്കും. ഇവിടുന്ന് ആളുകളെ കയറ്റിയ റോക്കറ്റ് പറന്നുപൊങ്ങുന്നു. ഭ്രമണപഥത്തിലേക്ക് കടന്ന് കഴിഞ്ഞാൽ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ നിന്നും റോക്കറ്റ് വേർപെടുകയും പിന്നീട് പറന്നുപൊങ്ങിയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും. യാത്രക്കാരെ കയറ്റിയ ഭാഗം അതിവേഗത്തിൽ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യും. ഭ്രാന്തൻ ഐഡിയയെന്ന് പലരും കളിയാക്കിയെങ്കിലും ഇതിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് എലൻ മസ്‌കും കൂട്ടരും കടക്കുന്നുവെന്നാണ് വിവരം. ഇതിന് പുറമെ കരയിൽ കൂടി ശബ്‌ദാതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർലൂപ്പുകളും എലൻ മസ്‌കിന്റെ മറ്റൊരു ഐഡിയയാണ്.