കൊച്ചി: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എ.സി ബ്രാൻഡായ വോൾട്ടാസ് ഇക്കുറി ഓണത്തിന് കേരളത്തിൽ ലക്ഷ്യമിടുന്നത് 50-60 കോടി രൂപയുടെ വില്‌പന. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർകൂളർ, മൈക്രോവേവ് ഓവൻ എന്നീ ഉത്‌പന്നങ്ങളും കമ്പനിക്കുണ്ട്.

ഏപ്രിൽ-ജൂൺപാദത്തിൽ എ.സി വില്‌പനയിൽ കമ്പനി 50 ശതമാനം വളർച്ച നേടിയെന്നും 25.3 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡെന്ന പട്ടം നിലനിറുത്തിയെന്നും മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പ്രദീപ് ബക്‌ഷി പത്രസമ്മേളനത്തിൽ പറഞ്ഞു. 163 ശതമാനമാണ് കേരളത്തിലെ വളർച്ച. കമ്പനിയുടെ മൊത്തം വില്‌പനയിൽ എഴ് ശതമാനമാണ് കേരളത്തിന്റെ പങ്ക്. നടപ്പുവർഷം ആദ്യ അഞ്ചുമാസത്തിൽ 10 ലക്ഷം എ.സികൾ വിറ്റഴിച്ചു. ഇത് റെക്കാഡാണ്. 24 ശതമാനമാണ് കേരളത്തിലെ വിപണി വിഹിതം.

ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് സ്‌ക്രാച്ച് കാർഡിലൂടെ ഒരുലക്ഷം രൂപവരെ വിലമതിക്കുന്ന ഓണം ഡ്രീം ഹോം പാക്ക് ഉൾപ്പെടെയുള്ള ഉറപ്പായ സമ്മാന ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. സെപ്‌തംബർ 15വരെയാണ് ഓഫർ കാലാവധി. മികച്ച ഫിനാൻസ് ഓഫറുകൾ, ഇൻസ്‌റ്റലേഷൻ നിരക്കിൽ ഇളവ്, കാഷ്ബാക്ക്, അധിക വാറന്റി തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

വോൾട്ടാസിന്റെ സംയുക്ത സംരംഭമായ വോൾട്ടാസ് - ബെക്കോ ഗുജറാത്തിലെ സനന്ദിൽ ആരംഭിക്കുന്ന നിർമ്മാണ പ്ളാന്റിൽ നിന്ന് ഈവർഷം റഫ്രിജറേറ്റർ, വാഷിംഗ്‌മെഷീൻ ഉത്‌പാദനം തുടങ്ങും. 700 കോടി രൂപയാണ് നിക്ഷേപം. വോൾട്ടാസ് ബെക്കോ സി.ഇ.ഒ ജയന്ത് ബാലൻ, സെയിൽസ് വൈസ് പ്രസിഡന്റ് ജോഗേഷ് ജയ്റ്റ്‌ലി എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.