ഗുസ്തിമത്സരങ്ങൾ ടി.വിയിൽ കണ്ട് ശീലിച്ചവർക്ക് സുപരിചിതമായ ഒരാളുണ്ട്. ആറടി അഞ്ചിഞ്ച് പൊക്കം. 'പാറ' പോലെ ഉറച്ച ശരീരം. ഉരുണ്ട മസിലുകളും അപാരമായ അഭിനയശേഷിയും. അതാണ് ഡ്വേയിൻ 'ദ റോക്ക്' ജോൺസൻ. ഗോദയിൽ നിന്നും ഭാഗികമായി വിടവാങ്ങിയ റോക്ക് ഇപ്പോൾ അമേരിക്കൻ സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. 'ദ മമ്മി റിട്ടേൺസ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് എത്തിയ ഡ്വേയിൻ ജോൺസണ് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ സിനിമകളുമായി റോക്ക് തന്റെ ജൈത്രയാത്ര തുടരുകയാണ്. 'ജുമാഞ്ചി', ഫാസ്റ്റ് ആൻഡ് ദ ഫ്യൂരിയസ്' എന്നിവയാണ് റോക്കിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങൾ.
ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന സിനിമാ നടൻ എന്ന ബഹുമതിയും റോക്കിനെ തേടി എത്തിയിരിക്കുകയാണ്. ഫോർബ്സ് മാസിക നടത്തിയ അന്വേഷണത്തിലാണ് ഡ്വേയിൻ ജോൺസണെ കുറിച്ചുള്ള വസ്തുത പുറത്തുവന്നത്. പ്രേക്ഷക പ്രീതി വർദ്ധിച്ചതും ഇറങ്ങുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ഹിറ്റുകളായി മുൻപോട്ട് കുതിക്കുന്നതുമാണ് റോക്കിന്റെ പ്രതിഫലത്തിൽ വർദ്ധനവ് സംഭവിക്കാൻ കാരണം. 89.4 മില്ല്യൺ ഡോളറാണ് റോക്കിന്റെ നിലവിലെ പ്രതിഫലം. റോക്കിനു തൊട്ട് പിറകെയുള്ളത് അവേഞ്ചേഴ്സിൽ 'തോർ' ആയി അഭിനയിക്കുന്ന ക്രിസ് ഹെംസ്വെർത്താണ് . 76.4 മില്ല്യൺ ഡോളറാണ് 'തോറി'ന്റെ പ്രതിഫലം.
"ഞാൻ ഏറെ കഷ്ടപ്പെട്ട് തന്നെയാണ് ജോലി ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ഒരു ബഹുമതി എന്നെ തേടിയെത്തുമെന്ന് വിദൂര സ്വപ്നങ്ങളിൽ പോലും കരുതിയില്ല. ഫോർബ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാകുമെന്ന് ഒരിക്കലും കരുതിയില്ല. എനിക്ക് ഹാർവാർഡിലെ എം.ബി.എ ബിരുദമൊന്നുമില്ല. പക്ഷെ എന്റെയുള്ളിലുള്ള കച്ചവട അഭിരുചിക്കും, അതുമായി ബന്ധപ്പെട്ട തത്വചിന്തയ്ക്കും മൂർച്ച കൂടിയിട്ടുണ്ട്. വീഴ്ചകളിലൂടെയാണ് ഞാൻ പഠിച്ചത്. തെരുവുകളിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരു മത്സരത്തിന് 40 ഡോളർ വാങ്ങാനാണ് ഞാൻ ശ്രമിച്ചത്. ആ മനോഭാവം തന്നെ ഇപ്പോഴും തുടരുന്നു. എനിക്ക് ഒരു യജമാനനേ ഉള്ളൂ. ഈ ലോകം.' ഡ്വേയിൻ ജോൺസൺ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ നന്ദി അറിയിച്ചു.