mala-parvathi

സോഷ്യൽ മീഡിയയിൽ സജീവമാണ് ചലച്ചിത്രതാരവും മനുഷ്യാവകാശപ്രവർത്തകയുമായ മാല പാർവതി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്കാനും താരം ശ്രമിക്കാറുണ്ട്. അത്തരത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാല പാർവതി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

'ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സർദാർ എന്ന ചിത്രത്തിലാണ് മാല പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.

എന്താണ് സംഭവമെന്ന് ചോദിച്ച് ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നെങ്കിലും താരം അതിന് വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.' എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാൻ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്.. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്‌' എന്ന് വീണ്ടും ഒരു കുറിപ്പ് താരം പങ്കുവച്ചിരുന്നു.

എന്നാൽ ഇതിലൊന്നും എന്താണ് പ്രശ്നമെന്ന് മാല പാർവതി പറഞ്ഞില്ല. ഇപ്പോഴിതാ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശ്നം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സെറ്റിലെ അടിസ്ഥാന സൗകര്യത്തെപ്പറ്റി നിർമ്മാതാവിനോട് പറഞ്ഞപ്പോൾ മോശമായ രീതിയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് പെട്ടെന്ന് തന്നെ ആശ്വാസവും പരിഹാരവും നൽകിയെന്ന് താരം പറയുന്നു. നടൻ സിദ്ദിഖിനെപ്പോലുള്ള സഹപ്രവർത്തകരുടെ ഇടപെടലിൽ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും, അമ്മയിൽ നിന്നും ഫെഫ്കയിൽ നിന്നുമൊക്കെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും മാല പാർവതി പറഞ്ഞു. എല്ലാവരും തനിക്കൊപ്പം നിന്നെന്നും പ്രോഡക്ഷൻ കൺട്രോളർ ബാദുഷ ഉടൻ സെറ്റിലെത്തി എല്ലാം ശരിയാക്കിയെന്നും താരം കൂട്ടിച്ചേർത്തു.