kulbhushan-

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൻ ജാദവിന് നയതന്ത്ര സഹായം നൽകാൻ പാകിസ്ഥാൻ അനുമതി നൽകി. ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നാളെ കുൽഭൂഷനെ കാണാനാണ് അനുമതി ലഭിച്ചത്. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാകിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജാദവിന് വിയന്ന ഉടമ്പപടി പ്രകാരമുള്ള നയതന്ത്ര സഹായം ലഭ്യമാക്കണെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ നടപടി. ഇറാനിൽ വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫീസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാകിസ്ഥാൻ തടവിലാക്കിയത്.

2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതേതുടർന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ നൽകിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുൽഭൂഷൻ നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിധി.16 ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചിൽ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. കുൽഭൂഷൻ ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യയ്ക്ക് നൽകാമെന്ന് കോടതി വിധിച്ചിരുന്നു.