ന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാകിസ്ഥാൻ അനുമതി നൽകി. ഇന്നാണ് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 2017 ഏപ്രിലിലാണ് കുൽഭൂഷൺ ജാദവിന് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാൻ അനുമതി നൽകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ അവസാനമായി ആവശ്യപ്പെട്ടത്. ഇസ്ലാമാബാദ് ഇതിനോട് പ്രതികരിക്കാതെ വന്നപ്പോഴാണ് ഇന്ത്യ 2017 മേയിൽ രാജ്യാന്തര കോടതിയിൽ കേസ് നൽകിയത്.
വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫീസറായ ജാദവിനെ (49) ചാരനെന്ന് ആരോപിച്ച് 2016 ഏപ്രിലിലാണ് പാകിസ്ഥാൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം ജൂലായ് 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു. വധശിക്ഷ പുനഃപരിശോധിക്കാൻ പാകിസ്ഥാനു നിർദ്ദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ നിർദ്ദേശിക്കുകയോ ചെയ്തില്ല.
'' പാകിസ്ഥാന്റെ നിർദ്ദേശം ഞങ്ങൾ പരിശോധിക്കും. നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്ഥാനുമായുള്ള ആശയവിനിമയം നടത്തും"-
രവീഷ് കുമാർ, വിദേശകാര്യ വക്താവ്