തൂത്തുക്കുടി:ചരക്കുകപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മാലിദ്വീപിന്റെ മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്‌ദുൽ ഗഫൂർ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. വധശ്രമക്കേസിൽ വിചാരണ നേരിടുന്ന അദീബിനെ തൂത്തുക്കുടി തുറമുഖത്ത് വച്ചാണ് പിടികൂടിയത്. മുൻ പ്രസിഡന്റ് മുഹമ്മദ് യമീനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇതിന് പുറമെ ചില അഴിമതിക്കേസുകളിലും അദീബ് പ്രതിയാണ്.
ചരക്കുകപ്പിലിലെ ജീവനക്കാരനെന്ന പേരിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിവിധ കേസുകളിൽ അദീബിനെ അടുത്തിടെ മാലിദ്വീപിലെ കോടതി കുറ്റവിമുക്തനാക്കിയെന്നും വിവരമുണ്ട്. എന്നാൽ ചില കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ അദീബിന്റെ പാസ്‌പോർട്ട് മാലിദ്വീപ് അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്‌ച മുതൽ അദീബിനെ കാണാതായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന വിചാരണയ്‌ക്ക് കോടതിയിൽ ഹാജരാകാനും അദീബ് എത്തിയിരുന്നില്ല. ഇതിനിടെ അദീബ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലിദ്വീപ് അധികൃതർ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് അദീബ് പിടിയിലായത്.