supreme-court

ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിൽ ഒരു ചോദ്യം സർക്കാരിനോട് ചോദിച്ചത്. കേരളത്തിലെ ക്രിസ്തീയ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അരുൺ മിശ്ര. സഭാതർക്ക വിഷയങ്ങളിൽ സംസ്ഥാന സർക്കാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. സുപ്രീം കോടതിയിൽ മറ്റൊരു കേസിന്റെ വാദം നടക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമർശം.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയവും സ്വകാര്യ ടെലികോം കമ്പനികളും തമ്മിലുള്ള ഒരു കേസിന്റെ വാദം കേൾക്കവേയാണ് സംസ്ഥാന സർക്കാരിനെ അരുൺ മിശ്ര ഇങ്ങനെ വിമർശിച്ചത്. ഒരിക്കൽ തീർപ്പായ കേസിൽ വീണ്ടും വീണ്ടും ഹർജികൾ സമർപ്പിക്കപ്പെടുന്നതിനെ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമർശനം.

'കേരളത്തിലെ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ നോക്കൂ. ഈ കേസിൽ വീണ്ടും വീണ്ടും ഹർജികൾ വന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഹർജികളാണ് ഇങ്ങനെ സമർപ്പിക്കപ്പെടുന്നത്. പണമുള്ളവർ പിന്നെയും പിന്നെയും കേസുകൾ നടത്തും. മതപരമായ കാര്യങ്ങളിൽ കേരള സർക്കാരിനെന്താണ് കാര്യം? സർക്കാരാണ് കുഴപ്പമുണ്ടാകുന്നത്.' അരുൺ മിശ്ര ചൂണ്ടിക്കാട്ടി.

കേരളത്തിലെ സഭാ തർക്ക കേസിൽ അന്തിമ വിധി വന്നതിന് ശേഷവും കോടതിയിൽ നിരവധി ഹർജികളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇതിനെ തുടർന്ന് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. സഭ തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകൾക്കും സുപ്രീം കോടതിയുടെ വിധി ബാധകമാണെന്നും കോടതി പറഞ്ഞിരുന്നു.