rape-

ജംഷഡ്പൂർ: അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ടാറ്റാനഗർ റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കുട്ടിയെ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ വളർത്തച്ഛനാണ്. ശനിയാഴ്ച പുലർച്ചെ കുട്ടിയെ കാണാതായതോടെ അമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ തന്റെ രണ്ടാം ഭർത്താവിന് പങ്കുള്ളതായി സംശയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ അച്ഛനെ നേരത്തേ ഇവർ ഉപേക്ഷിച്ചിരുന്നു. ഇതിനുശേഷം പ്രതികളിൽ ഒരാളോടൊപ്പമായിരുന്നു താമസം.

തലയറുത്ത നിലയിൽ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ ചേരിയിൽ നിന്നു കണ്ടെത്തി. രണ്ടുപേർ ചേർന്നാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പ്രതികളിലൊരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. റിങ്കുവെന്ന് പേരുള്ള ഇയാൾ മൂന്ന് കുട്ടികളുടെ അച്ഛനാണ്. മാത്രമല്ല,​ 2015ൽ മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. ഇയാൾ അമ്മയ്ക്കരികിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.