ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40.2 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച ജൂണിൽ നാലുവർഷത്തെ താഴ്‌ചയായ 0.2 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2018 ജൂണിൽ 7.8 ശതമാനവും കഴിഞ്ഞ മേയിൽ 4.3 ശതമാനവുമായിരുന്നു വളർച്ച.

സാമ്പത്തിക മുരടിപ്പ്, ഡിമാൻഡിലെ ഇടിവ് എന്നിവയാണ് മുഖ്യ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു. ജൂണിലെ ഐ.ഐ.പി വളർച്ച മോശമായിരിക്കുമെന്ന സൂചനയാണ് മുഖ്യ വ്യവസായ മേഖല നൽകുന്നത്. ഐ.ഐ.പി വളർച്ചാ ഇടിവ്, മുഖ്യ പലിശനിരക്ക് കുറയ്‌ക്കാൻ റിസർവ് ബാങ്കിനുമേലുള്ള സമ്മർദ്ദം ശക്തമാക്കും.

എട്ട് വിഭാഗങ്ങൾ

കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, സിമന്റ് എന്നിവ ജൂണിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയത് തിരിച്ചടിയായി.

ധനക്കമ്മി

₹4.32 ലക്ഷം കോടി

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഏപ്രിൽ-ജൂണിൽ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 61.4 ശതമാനം കവിഞ്ഞു. 4.32 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന ധനക്കമ്മി 7.04 ലക്ഷം കോടി രൂപയാണ്.