കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ സമീപകാലത്തെ ഏറ്റവും വലിയ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 462 പോയിന്റിടിഞ്ഞ് 37,018ലും നിഫ്‌റ്റി 138 പോയിന്റ് താഴ്‌ന്ന് 10,980ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. രണ്ടാംമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്രിലെ 'അതിസമ്പന്ന നികുതി" നിർദേശങ്ങളെ തുടർന്ന് വിദേശ നിക്ഷേപത്തിലുണ്ടാകുന്ന ഇടിവാണ് പ്രധാന തിരിച്ചടി.
12,419 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ജൂലായിൽ മാത്രം ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്. ഇന്ത്യൻ ഓഹരികളുടെ കഴിഞ്ഞ 17 വർഷത്തിനിടെയുള്ള 'ഏറ്റവും മോശം ജൂലായ്" ആയിരുന്നു ഇത്തവണത്തേത്. ഇൻഫോസിസ്, ടാറ്രാ സ്‌റ്റീൽ, ഭാരതി എയർടെൽ, വേദാന്ത, എസ്.ബി.ഐ., ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഇന്നലെ നഷ്‌ടത്തിന് നേതൃത്വം നൽകിയത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 750 പോയിന്റുവരെ ഇടിഞ്ഞ് 36,694 വരെ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ്, നഷ്‌ടത്തിന്റെ വ്യാപ്‌തി കുറഞ്ഞത്.
₹13.70
ലക്ഷം കോടി
ഇന്നലെ മാത്രം സെൻസെക്‌സ് കുറിച്ച നഷ്‌ടം 1.60 ലക്ഷം കോടി രൂപയാണ്. കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ട ജൂലായ് അഞ്ചുമുതൽ ഇതുവരെ നഷ്‌ടം 13.70 ലക്ഷം കോടി രൂപ.
ഇടിവിന് പിന്നിൽ
കേന്ദ്ര ബഡ്‌ജറ്റിലെ നികുതി നിർദേശങ്ങൾ
മുഖ്യ വ്യവസായ വളർച്ചാ ഇടിവ്
ഡോളറിനെതിരെ രൂപയുടെ വീഴ്‌ച
കോർപ്പറേറ്റ് കമ്പനികളുടെ മോശം ജൂൺപാദ പ്രവർത്തനഫലം