maldives

തൂത്തുക്കുടി:മാലദ്വീപ് മുൻ വൈസ് പ്രസിഡന്റ്‌ അഹമ്മദ് അദീപ് അബ്ദുൽ ഗഫൂർ തൂത്തുക്കുടിയിൽ അറസ്റ്റിലായി. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന്,​ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് തൂത്തുക്കുടി തുറമുഖത്ത് വച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചരക്ക് കപ്പലിലെ ജീവനക്കാരനെന്ന വ്യാജേനയാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. യാത്രാരേഖകളൊന്നും കൈവശമുണ്ടായിരുന്നില്ല.

മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ആദ്യം കുറ്റക്കാരനാണെന്ന് വിധിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട അദീപിനെതിരെ നിരവധി അഴിമതി കേസുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അദീപ് ഇന്ത്യയിലേക്ക് കടന്നേക്കുമെന്ന വിവരം മാലദ്വീപ് അധികൃതർ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് നടത്തിയ തെരച്ചിലിലാണ് പിടിയിലായത്. ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയാണോ അദീപ് വന്നതെന്ന് വ്യക്തമല്ല.

2015 ജൂലായ് 22നാണ് അദീപ് മാലിദ്വീപിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതേവർഷം നവംബർ അഞ്ചിന് അവിശ്വാസ പ്രമേയത്തിലൂടെ അദീപിനെ പുറത്താക്കുകയായിരുന്നു.