supreme-court

ന്യൂഡൽഹി: ഉന്നാവ് സംഭവങ്ങളിലെ അഞ്ച് കേസുകളും ലക്‌നൗ സി.ബി.ഐ കോടതിയിൽ നിന്ന് ഡൽഹിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഡൽഹിയിൽ പ്രത്യേക ജഡ്ജി ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

വാഹനാപകടക്കേസിന്റെ അന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു. കൂടാതെ പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും യു.പി സർക്കാർ നൽകണം. പെൺകുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂർ കേന്ദ്രസേനയുടെ സുരക്ഷയും നല്‍കണം.

കുടുംബം ആഗ്രഹിക്കുന്നെങ്കിൽ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡൽഹിയിലേയ്ക്കു മാറ്റാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇക്കാര്യം പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിക്കാൻ അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു. എയിംസിൽ പെൺകുട്ടിയുടെ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണം. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഇത് വെള്ളിയാഴ്ച തന്നെ നല്‍കണം.

പെണ്‍കുട്ടിക്കുണ്ടായ അപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂർത്തീകരിക്കണം. 45 ദിവസത്തിനകം അന്വേഷണവും വിചാരണ നടപടികളും പൂർത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും കോടതി വിധിച്ചു. സി.ആർ.പി.എഫിന്റെ സംരക്ഷണം കുടുംബത്തിന് നൽകണം. സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് സി.ആർ.പി.എഫ് കോടതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.