വാഷിംഗ്ടൺ:അമേരിക്ക വധിച്ച അൽക്വ ഇദ ഭീകരൻ ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ (30) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മരണം നടന്ന സ്ഥലമോ തീയതിയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന്, അതേക്കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടി. പെന്റഗണും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്ത ഹംസയുടെ വീഡിയോ ദൃശ്യങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള
വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. അൽക്വ ഇദയുടെ മാദ്ധ്യമവിഭാഗമാണ് ഇത് പുറത്തുവിട്ടത്. ഒസാമ ബിൻലാദന്റെ 20 മക്കളിൽ പതിനഞ്ചാമനായ ഹംസ, പിതാവിനൊപ്പവും അൽക്വ ഇദയുടെ പ്രചാരണ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പാകിസ്ഥാനിലെ അബൊട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ ബിൻ ലാദനെ 2011ലാണ് അമേരിക്കൻ സേന വധിക്കുന്നത്. അതേസമയം, ഹംസയുടെ മരണത്തിൽ അൽക്വ ഇദയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.