അഹമ്മദാബാദ്: കനത്ത മഴയിൽ ഗുജറാത്തിലെ വഡോദരയിൽ നാല് മരണം. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് 5000ഓളം പേരെ ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ റെക്കാഡ് മഴയാണ് വഡോദരയിൽ ലഭിച്ചത്. 12 മണിക്കൂറിനിടെ വഡോദരയിൽ 450 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണ് വഡോദരയിലേത്. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതവും താറുമാറായി. വഡോദര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്ന് രാവിലെ വരെ നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു. വഡോദര വഴിയുള്ള പത്തിലേറെ ട്രെയിനുകളും റദ്ദാക്കി. കനത്ത മഴ തുടരുന്നതിനാൽ ഇന്നലെയും ഇവിടുത്തെ സ്‌കൂളുകൾക്ക് അവധിയായിരുന്നു. അതേസമയം, തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കർജാൻ, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. അജ്‌വ നദിയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിക്ക് 209.7 അടിയായിരുന്നു അജ്‌വയിലെ ഡാമിന്റെ ജലനിരപ്പ്. 214 അടി മാത്രമാണ് ഇവിടത്തെ സംഭരണശേഷി. വിശ്വാമിത്ര നദിയും കരകവിഞ്ഞൊഴുകി.