ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ താമസക്കാർക്ക് വൈദ്യുതി ബില്ലിൽ വൻ ഇളവുമായി ആം ആദ്മി പാർട്ടി സർക്കാർ. 200 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. മാത്രമല്ല, 201 യൂണിറ്റ് മുതൽ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ ബില്ലിന്റെ 50 ശതമാനം അടച്ചാൽ മതി. വാർത്താസമ്മേളനത്തിലാണ് കേജ്രിവാൾ വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചത്. വേനൽക്കാലത്ത് 200 യൂണിറ്റിൽ താഴെമാത്രം വൈദ്യുതി ഉപയോഗിക്കുന്ന 33 ശതമാനം ആളുകൾക്കും തണുപ്പ് കാലത്ത് 70 ശതമാനം ആളുകൾക്കും പുതിയ സബ്സിഡിയുടെ സൗജന്യ ആനുകൂല്യം ലഭിക്കും. അതായത്, രാജ്യതലസ്ഥാനത്തെ താമസക്കാരായ വലിയൊരു വിഭാഗം ആളുകൾക്ക് സബ്സിഡിയുടെ പ്രയോജനം ലഭിക്കും എന്നാണ് റിപ്പോർട്ട്. മാത്രമല്ല, വേനൽക്കാലത്തെ അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കാനും പുതിയനീക്കം വഴി കഴിയുമെന്നാണ് കേജ്രിവാൾ സർക്കാരിന്റെ വിലയിരുത്തൽ. ഇതോടെ, രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി ചാർജുള്ള നഗരമായി ഡൽഹിമാറും.
വൈദ്യുതി ഉപഭോഗം 200 യൂണിറ്റാണെങ്കിൽ 622 രൂപയായിരുന്നു ഇതുവരെ അടയ്ക്കേണ്ടിയിരുന്നത്. ഇന്ന് മുതൽ അത് സൗജന്യമാണ്. 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ 800 രൂപ അടയ്ക്കേണ്ടിയിരുന്നു. ഇനി 252 രൂപ അടച്ചാൽ മതി. 300 യൂണിറ്റ് ഉപയോഗിച്ചവർ 971 രൂപയായിരുന്നു അടച്ചുകൊണ്ടിരുന്നത്. അവർ ഇനി 526 രൂപ മാത്രം അടച്ചാൽ മതി. -മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് വൈദ്യുതി സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ഫെബ്രുവരിയിലാണ് ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നേരത്തേ ഡൽഹി മെട്രോ ട്രെയിനിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കേജ്രിവാൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, കേജ്രിവാൾ സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ഡൽഹിയിലെ ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരി അടക്കമുള്ളവർ രംഗത്തെത്തി.
''സാധാരണക്കാരനെ സഹായിക്കാനുള്ള ചരിത്രപരമായ തീരുമാനമാണിത്. ഇന്ന് മുതൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വൈദ്യുതി ഡൽഹിയിലേത് ആയിരിക്കും."- അരവിന്ദ് കേജ്രിവാൾ
''ആരോഗ്യസംരക്ഷണവും നല്ല വിദ്യാഭ്യാസവും പോലെതന്നെ ആവശ്യമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയും പ്രധാനപ്പെട്ടതാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു.