ലക്നൗ: വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കിംഗ് ജോർജ്ജ് ആശുപത്രി. ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി അറിയിച്ചു.
അതേസമയം കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയെ ഇന്ന് ഡൽഹിയിലേക്ക് മാറ്റിയേക്കില്ല. പുതിയ നിർദ്ദേശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ധ ചികിത്സ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി. കുടുംബം ആഹ്രഹിക്കുന്നെങ്കിൽ പെൺകുട്ടിയെയും അഭിഭാഷകനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.
പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ദ്ധ ചികിത്സ നൽകാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്റിലേറ്റർ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഉന്നാവ് സംഭവങ്ങളിലെ അഞ്ച് കേസുകളും ലക്‌നൗ സി.ബി.ഐ കോടതിയിൽ നിന്ന് ഡൽഹിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഡൽഹിയിൽ പ്രത്യേക ജഡ്ജി ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.വാഹനാപകടക്കേസിന്റെ അന്വേഷണം ഏഴുദിവസത്തിനകം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു. കൂടാതെ പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും യു.പി സർക്കാർ നൽകണം. പെൺകുട്ടിക്കും കുടുംബത്തിനും അഭിഭാഷകനും 24 മണിക്കൂർ കേന്ദ്രസേനയുടെ സുരക്ഷയും നല്‍കണം. സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് സി.ആർ.പി.എഫ് കോടതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.