ന്യൂഡൽഹി: ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശ ചെയ്യുന്ന മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിലും പാസായി. നേരത്തെ ലോക്‌സഭയിലും പാസായ ബിൽ ഇതോടെ നിയമമാകും. രാജ്യസഭയിൽ 101 പേർ ബില്ലിനെ പിന്തുണച്ചു. 51 പേർ എതിർത്തു. ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് നിയമമാകാൻ പോകുന്നത്.
സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതാണ് ബില്ലെന്ന് ആരോപിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ ബില്ലിന് മേലുള്ള പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. എം.ബി.ബി.എസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എം.ഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം തുടങ്ങിയവയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ.
മെഡിക്കൽ കോളേജുകളുടെ ഫീസുൾപ്പടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്രസർക്കാർ ശ്രമിക്കില്ലെന്നും, മെഡിക്കൽ കോളേജുകളുമായി സംസ്ഥാനങ്ങൾക്ക് ധാരണയിലെത്താനാകുമെന്നും രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ച ഹർഷവർദ്ധൻ പറഞ്ഞു.
ആയുഷ്, ഹോമിയോ ഡോക്ടർമാർക്ക് ബ്രിഡ്‍ജ് കോഴ്‍സ് പാസായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ പ്രക്ഷോഭത്തെ തുടർന്ന് പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.