കൊല്ലം: ഒളിപ്പിച്ച സ്വർണം വീണ്ടെടുക്കാനുള്ള വരവിലാണ് ഒന്നര ആഴ്ചയോളം പരവൂരുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് മൊട്ട ജോസ് നാട്ടുകാരുടെ പിടിയിലായത്. ഒന്നും കിട്ടാത്ത വീടുകളിൽ തനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്ര് എഴുതിവച്ചിട്ട് പോകുന്ന കള്ളനാണ് മൊട്ട ജോസ്.
പരവൂർ ദയാബ്ജി ജംഗ്ഷനിൽ അനിതാഭവനിൽ നിന്ന് കവർന്ന 76 പവൻ സ്വർണം ആൾതാമസമില്ലാത്ത കല്ലുകുന്നത്തെ വീടിന്റെ പിൻഭാഗത്ത് നിന്ന് കണ്ടെടുത്തു. ഈ വീട്ടിൽ വാതിൽ തകർത്ത് കയറിയ ജോസ് അവിടെ ഏതാനും ദിവസം തങ്ങുകയും ചെയ്തിരുന്നു.
അനിതാഭവനിലെ മോഹൻലാലിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച 50,000 രൂപ അടിച്ചുപൊളിച്ച് തീർത്തെന്നാണ് പൊലീസിനോടു പറഞ്ഞത്. ബുധനാഴ്ച രാത്രി 12.30 ഓടെ പരവൂർ കല്ലുകുന്നത്ത് കൂടി നടന്നുപോയ അപരിചിതനെ കണ്ട സ്ഥലവാസിക്ക് അത് മൊട്ട ജോസാണെന്ന് മനസിലായി. കാരണം ആ നാട്ടിലാകെ ജോസിന്റെ പടമുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് പതിച്ചിരുന്നു.
ഉടൻ ഇയാൾ പരിസരത്തുള്ളവരെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തി. വീടുകളിലെല്ലാം ലൈറ്റ് തെളിഞ്ഞതോടെ മൊട്ട ജോസ് ഓടി. നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് പരവൂർ പൊലീസ് ജോസിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ സ്വർണം വീണ്ടെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞമാസം 22ന് പുലർച്ചെയാണ് മോഹൻലാലിന്റെ വീട്ടിൽ കവർച്ച നടത്തിയത്. മോഹൻലാലും കുടുംബവും ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു. മകൻ രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വിരലടയാളം പരിശോധിച്ച പൊലീസ് മോഷ്ടാവ് മൊട്ട ജോസാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു കിലോമീറ്റർ അകലെ പരവൂർ കല്ലുകുന്നം ശ്രീകുമാറിന്റെ വീട് കുത്തിത്തുറന്ന നിലയിൽ അയൽക്കാർ കണ്ടത്. ചെന്നൈയിൽ താമസിക്കുന്ന ശ്രീകുമാറും കുടുംബവും വല്ലപ്പോഴുമേ നാട്ടിലേക്ക് വരാറുള്ളു. ഇവിടെയും കയറിയത് മൊട്ട ജോസാണെന്ന് വിരലടയാളങ്ങളിൽ നിന്ന് വ്യക്തമായി. അവിടെ സ്വർണവും പണവുമൊന്നും സൂക്ഷിച്ചിരുന്നില്ല. ഇവിടെ ഒരാഴ്ചയോളം ജോസ് തങ്ങിയതിന്റെ സൂചനകളും ലഭിച്ചു.
അടുക്കളയിൽ വെള്ളം ചൂടാക്കി മുട്ട പുഴുങ്ങിയതിന്റെയും പുറത്തു നിന്ന് വാങ്ങിക്കൊണ്ടുവന്ന് കഴിച്ച കോഴിയിറച്ചിയുടെയും പൊറോട്ടയുടെയും അവശിഷ്ടങ്ങളും കണ്ടെത്തി. മുണ്ട് കഴുകി ഉണക്കാനും ഇട്ടിരുന്നു. അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. സോഫയിൽ മലമൂത്ര വിസർജ്ജനവും നടത്തി. ഇവിടെ നിന്ന് ഒന്നും കിട്ടാത്തതിന്റെ നിരാശയിൽ വീണ്ടും എത്തുമെന്ന് കുറിപ്പെഴുതിവച്ചിരുന്നു.