a-sampath

ന്യൂഡൽഹി∙ മുൻ എം.പി എ. സമ്പത്തിന്റെ നിയമനം എൽ.ഡി.എഫ് അറിഞ്ഞില്ലെന്ന് ജെ.ഡി.എസ് നേതാവ് സി.കെ.നാണു. വിഷയത്തെക്കുറിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ചചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം വിശദീകരണം നൽകി. സമ്പത്തിനെ കേരളത്തിന്റെ ലെയ്സൺ ഓഫീസറായി ഡൽഹിയിൽ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്റമാരും ഒരു ഡ്രൈവറുമടക്കം മന്ത്രിമാർക്കുള്ള ആനുകൂല്യങ്ങളുമായി ചീഫ് സെക്രട്ടറി റാങ്കിലാണ് നിയ‌മനം. നിയമനം പാഴ്ചെലവാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന് ഗുണകരമാക്കാൻ ഇടപെടുമെന്നും എ.സമ്പത്ത് പറഞ്ഞു.

അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സമ്പത്തിന്റെ നിയമനം ആർഭാടമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എം.പിയെ സംസ്ഥാന സർക്കാർ കാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനം എന്നത് നീതികരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.