cpim

പത്തനംതിട്ട: പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയുള്ള ട്രോളുകളും വിമർശനങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങളുമായി സി.പി.എം പ്രദേശിക നേതൃത്വം. ഓരോ ലോക്കൽ കമ്മിറ്റി തലത്തിലും സൈബർ സംഘത്തെ നിയോഗിച്ച് വിമർശനങ്ങളെയും ട്രോളുകളെയും പ്രതിരോധിക്കാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന സന്ദർശനങ്ങളിൽനിന്നു ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി ഇക്കാര്യത്തിൽ മുന്നോട്ട് വരുന്നത്.

ശബരിമല വിഷയത്തന് ശേഷം പാർട്ടിക്കെതിരെ വന്ന വിമർശനങ്ങളെ വേണ്ട രീതിയിൽ കെെകാര്യം ചെയ്യാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല. പ്രദേശിക തലത്തിൽ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പാർട്ടി പ്രവർത്തകർ സജീവമായിരുന്നില്ല. അതുകൊണ്ട് തന്നെ പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകുന്നതിനും മറ്റു പ്രചാരണങ്ങൾക്കും ഇൗ സംഘാംഗങ്ങളെ ഉപയോഗിക്കാനാണ് തീരുമാനം.

സി.പിഎം ലോക്കൽ കമ്മിറ്റിയിൽ മൂന്നു പേരെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തും. പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും സാമൂഹികമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരുടെ പ്രത്യേക ഗ്രൂപ്പും ഇൗ മൂന്നു പേരുടെയും നിയന്ത്രണത്തിലുണ്ടാക്കും. ഇൗ സംഘാംഗങ്ങളെ ഉപയോഗിച്ച് താഴെത്തട്ട് മുതൽ മുകൾത്തട്ടിലെ വരെ പ്രശ്നങ്ങളിൽ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെട്ട് പാർട്ടിക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം.

സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെയുള്ള ട്രോളുകളും വർദ്ധിച്ച് വരികയാണ്. ട്രോളുകൾ ഉപയോഗിച്ച് ജനങ്ങളെ പാർട്ടിക്കെതിരെ തിരിച്ച് വിടാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും വിലയിരുത്തുന്നു. അതേസമയം ശക്തമായ സൈബർ വിഭാഗമാണു ബി.ജെ.പിക്കും സംഘപരിവാർ സംഘടനകൾക്കുമുള്ളത് കേരളത്തിലുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രവർത്തനത്തിലൂടെ കഴിയുമെന്ന് നേതൃത്വം വിലയിരുത്തുന്നു.