zomato

ഭോപ്പാൽ: ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിന്റെ പേരിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ത്ത് എതിരെ വർഗീയപരാമർശവുമായി ട്വീറ്റ് ചെയ്ത അമിത് ശുക്ലയ്ക്ക് പൊലീസിന്റെ നോട്ടീസ്. വർഗീയത ഉയർത്തുന്നതോ, ആളുകളെ ഭിന്നിപ്പിക്കുന്നതോ ആയ എന്തെങ്കിലും അടുത്ത ആറ് മാസം സോഷ്യൽ മീഡിയ വഴി പങ്കുവച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കാട്ടിയാണ് നോട്ടീസ്. ചൊവ്വാഴ്ചയാണ്, ''അഹിന്ദു''വായ ഡെലിവറി ബോയ് ആണെങ്കിൽ സൊമാറ്റോയോട് ഓർഡർ റദ്ദാക്കാൻ പറഞ്ഞെന്ന് ഭോപ്പാൽ സ്വദേശിയായ അമിത് ശുക്ല ട്വീറ്റ് ചെയ്തത്.

ഉപഭോക്താവിന് ഭക്ഷണ വിതരണ കമ്പനിയായ സൊമോറ്റോ നല്‍കിയ മറുപടി വൈറലായ സാഹചര്യത്തിലാണ് പൊലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ജബൽപുരിലെ താമസക്കാരനായ അമിത് ശുക്ല എന്ന ആളാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ട്വീറ്റ് ചെയ്തത്. ഇത്തരമൊരു പെരുമാറ്റം ഉണ്ടായ സാഹചര്യം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് ജബല്‍പുർ പൊലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും സ്വമേധയാ നോട്ടീസ് അയയ്ക്കാനാണ് പൊലീസ് തീരുമാനിച്ചത്.

"ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയ്യാറായില്ല, കാൻസൽ ചെയ്താൽ പണം തിരികെ നല്‍കില്ലെന്നും അവർ പറഞ്ഞു. എന്നാല്‍ ആ ഓർഡര്‍ സ്വീകരിക്കാൻ നിങ്ങള്‍ക്കെന്നെ നിർബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓര്‍ർഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി," എന്നായിരുന്നു അമിത് ശുക്ലയുടെ ട്വീറ്റ്

ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകൻ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടെ സൊമാറ്റോയുടെ നിലപാടിന് പൂർണ്ണ പിന്തുണ അറിയിച്ച് ഊബർ ഈറ്റ്സ് ഇന്ത്യയും രംഗത്തെത്തി. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇരുകമ്പനികൾക്കും എതിരെ ബോയ്കോട്ട് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ വാദികൾ.