ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയുടെ നഷ്‌ടഗാഥ അതിശക്തമായി തുടരുന്നു. പണലഭ്യതക്കുറവ്, ബഡ്‌ജറ്റിലെ നികുതി നിർദേശങ്ങൾ, ഉയർന്ന ഇൻഷ്വറൻസ് ചെലവ് എന്നിവയാണ് വിപണിയിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയായ മാരുതി സുസുക്കിയുടെ വില്‌പന ജൂലായിൽ 36.3 ശതമാനം കുറഞ്ഞു. 98,210 കാറുകളാണ് മാരുതി കഴിഞ്ഞമാസം വിറ്റഴിച്ചത്. 2018 ജൂലായിൽ വില്‌പന 1.54 ലക്ഷം കാറുകളായിരുന്നു.
2017 ജൂണിന് ശേഷം ആദ്യമായാണ് ഒരുമാസം മാരുതിയുടെ വില്‌പന ഒരുലക്ഷം യൂണിറ്റുകൾക്ക് താഴെ എത്തുന്നത്. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വില്‌പന പത്തു ശതമാനം താഴ്‌ന്ന് 39,010 യൂണിറ്റുകളായി. കഴിഞ്ഞവർഷം ജൂലായിൽ കമ്പനി 43,481 കാറുകൾ വിറ്റഴിച്ചിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 16 ശതമാനവും ഹോണ്ട കാർസ് ഇന്ത്യ 48.67 ശതമാനവും ടൊയോട്ട 24 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.
44,605 യൂണിറ്റുകളിൽ നിന്ന് 37,474 യൂണിറ്റുകളിലേക്കാണ് മഹീന്ദ്രയുടെ വില്‌പന കുറഞ്ഞത്. 19,970 യൂണിറ്റുകളിൽ നിന്ന് ഹോണ്ടയുടെ വില്‌പന 10,250 യൂണിറ്റുകളിലേക്ക് ചുരുങ്ങി. 13,667 യൂണിറ്റുകളിൽ നിന്ന് 10,423 യൂണിറ്റുകളിലേക്കാണ് ടൊയോട്ട കിർലോസ്‌കറിന്റെ വില്‌പന താഴ്‌ന്നത്. ടൂവീലർ ശ്രേണിയിൽ ബജാജ് ഓട്ടോ 13 ശതമാനവും ടി.വി.എസ് 15.72 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി.