ബംഗളൂരു: കോഫി രാജാവ് വി.ജി സിദ്ധാർത്ഥയുടെ അകാലവിയോത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡേ, കോഫി ഡേ എന്റർപ്രൈസസിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റേക്കുമെന്ന് സൂചന. നിലവിൽ കമ്പനി ബോർഡ് അംഗമാണ് മാളവിക. കൂടുതൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ബോർഡ് പിന്നീട് ചർച്ച ചെയ്യും. എന്നാൽ, കൂടുതൽ നടപടികളെല്ലാം തന്നെ ഇപ്പോഴത്തെ മാനസിക വിഷമത്തിൽനിന്ന് അവർ കരകയറിയതിന് ശേഷം മാത്രമേ ഉള്ളുവെന്ന് കമ്പനിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. മുൻ വിദേശകാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ മകളാണ് മാളവിക.
അതേസമയം, സിദ്ധാർത്ഥയുടെ നിര്യാണത്തെത്തുടർന്ന് കമ്പനിയുടെ ഇടക്കാല ചെയർമാനായി ഇൻഡിപെൻഡന്റ് ഡയറക്ടറായിരുന്ന എസ്.വി രംഗനാഥിനെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു.