ന്യൂയോർക്ക്: തീവ്രപ്രണയത്തിന് രാജ്യാതിർത്തികളോ മതമോ, ലിംഗമോ ഒന്നും തടസമല്ല. ഇന്ത്യയിലും പാകിസ്ഥാനിലും ജനിച്ച് വളർന്നിട്ടും, രണ്ട് മതക്കാരായിരുന്നിട്ടും അവർ പ്രണയിച്ചു. ഇന്ത്യക്കാരിയായ അഞ്ജലി ചക്രയും, പാകിസ്ഥാൻ സ്വദേശിനിയായ ആർട്ടിസ്റ്റ് സുന്ദാസ് മാലികുമാണ് ലോകശ്രദ്ധ നേടിയ ആ പ്രണയജോടികൾ.
പ്രണയം തുളുമ്പുന്ന ഫോട്ടോഷൂട്ടിന് പിന്നാലെ, ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഇരുവരും പങ്കുവച്ചതോടെയാണ് ഈ ഇന്ത്യാ- പാക്, ഹിന്ദു- മുസ്ളീം ലെസ്ബിയൻ കപ്പിൾസിന്റെ 'വ്യത്യസ്ത" പ്രണയകഥ ലോകശ്രദ്ധ നേടിയത്. 'ഒരു ന്യൂയോർക്ക് ലൗ സ്‌റ്റോറി' എന്ന തലക്കെട്ടോടുകൂടിയാണ് ഫോട്ടോഗ്രാഫർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ജലിയും സുന്ദാസും ഈ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജുകളിലും പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങളും പൊട്ടും മൂക്കുത്തിയും മനോഹരമായ ആഭരണങ്ങളും അണിഞ്ഞാണ് ഇരുവരും ക്യാമറയ്ക്ക് മുമ്പിൽ എത്തിയത്. മതത്തിന്റെയും ലിംഗത്തിന്റെയും പരമ്പരാഗത വേലിക്കെട്ടുകൾ തകർത്ത ഈ പ്രണയജോടിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുകയാണ് സോഷ്യൽമീഡിയ. ഇരുവരും ന്യൂയോർക്കിലാണ് താമസം.