തിരുവനന്തപുരം : സംസ്ഥാനത്തെ കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരം കാരണം ഇൗ അദ്ധ്യയന വർഷത്തെ ഉപജില്ല, ജില്ല, സംസ്ഥാന സ്കൂൾ കായിക മേളകളുടെ തയ്യാറെടുപ്പുകൾ വൈകുന്നു. സമരം തുടരുകയാണെങ്കിൽ സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ കൃത്യസമയത്ത് നടത്താനാകില്ല.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാദ്ധ്യാപകർ കഴിഞ്ഞമാസം മുതൽ ചട്ടപ്പടി സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയും പ്രതിഷേധവും നടത്തിയെങ്കിലും ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്തതിനാൽ സ്കൂൾ കായിക മേളകളുമായി സഹകരിക്കേണ്ടെന്ന നിലപാടിൽത്തന്നെയാണ് അദ്ധ്യാപകർ. രണ്ടുവർഷംമുമ്പ് ഇതേരീതിയിൽ സമരം നടത്തിയപ്പോൾ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡി.പി.ഐ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ ഒരുവർഷത്തിനകം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇത് രണ്ടുവർഷമായിട്ടും നടപ്പിലാകാത്തതിനാലാണ് ഇപ്പോൾ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങേണ്ടിവന്നിരിക്കുന്നത്.
സാധാരണ ഗതിയിൽ ജൂൺമാസം മുതൽതന്നെ കായികമേളകളുടെ നടത്തിപ്പിനായി കായിക വകുപ്പ് ഒരുക്കം തുടങ്ങുമായിരുന്നു. സബ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷനുകളും റവന്യു ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷനുകളും രൂപീകരിക്കുകയാണ് മാനുവൽ പ്രകാരമുള്ള ആദ്യപടി. കായികാദ്ധ്യാപകരായിരിക്കണം ഇൗ അസോസിയേഷനുകളുടെ സെക്രട്ടറിമാർ എന്നാൽ ചട്ടപ്പടി സമരത്തിലായതിനാൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് കായികാദ്ധ്യാപകരുടെ നിലപാട്.
ഇക്കുറി ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷൻ 18 പുതിയ ഇനങ്ങൾ കൂടി നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഇനിയും ഒരുക്കം തുടങ്ങിയില്ലെങ്കിൽ കായികമേളകൾ അവതാളത്തിലാകും.
അടുത്തിടെ കായികാദ്ധ്യാപകരുടെ നിസഹരണം മൂലം സുബ്രതോ കപ്പ് ഫുട്ബാൾ ഉപജില്ലാ തലംമുതൽ നടത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഒടുവിൽ ഭരണപക്ഷ അദ്ധ്യാപക സംഘടനയുടെ സഹായത്തോടെ സംസ്ഥാന തല മത്സരം മാത്രം നടത്തുകയായിരുന്നു.
ജോലിയിലും കൂലിയിലും തുല്യത ആവശ്യപ്പെട്ടുള്ള ചട്ടപ്പടി സമരത്തോട് സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും കണ്ണടയ്ക്കുകയാണ്. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കായികാദ്ധ്യാപകർക്ക് ഹൈസ്കൂൾ അദ്ധ്യാപകർക്ക് തുല്യമായ ശമ്പളം അനുവദിക്കണം എന്നതാണ് സമരക്കാരുടെ പ്രമാന ആവശ്യം. കായികാദ്ധ്യാപകരെ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് മാറ്റി ജനറൽ അദ്ധ്യാപകരായി പരിഗണിക്കണം. കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരം യു.പി സ്കൂളുകളിൽ 200 കുട്ടികൾക്ക് ഒരു ഫുൾടൈം കായികാദ്ധ്യാപക തസ്തിക അനുവദിക്കണം. ഹൈസ്കൂൾ ക്ളാസുകളിൽ നിലവിൽ അനുവർത്തിക്കുന്ന എസ്.ഇ.ആർ.ടി ടൈംടേബിൾ പ്രകാരമുള്ള പി.ടി. പീരിയഡുകൾ കായികാദ്ധ്യാപക തസ്തിക നിർണയത്തിന് പരിഗണിക്കണം. ഹയർ സെക്കൻഡറിയിൽ കായികാദ്ധ്യാപക തസ്തിക അനുവദിച്ച് പ്രമോഷൻ നൽകണം തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ മുന്നോട്ട് വയ്ക്കുന്നു.എച്ച്.എസിലെ കായികാദ്ധ്യാപകൻ തന്റെ സ്കൂളിലെ യു.പി. വിഭാഗത്തെയും ഹയർ സെക്കൻഡറി വിഭാഗത്തെയും പരിശീലിപ്പിക്കേണ്ട സ്ഥിതിയാണ് നിലവിൽ.
ജൂലായ് 10 മുതലാണ് കായികാദ്ധ്യാപകരുടെ സംഘടന ഡി.പി.ഐക്ക് നോട്ടീസ് നൽകി സബ് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷനുകളുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാതെ ചട്ടപ്പടി സമരം തുടങ്ങിയത്.
അതേസമയം വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കി കായിക മേളകൾ ഒഴിവാക്കുന്ന അദ്ധ്യാപകരുടെ നിലപാട് ശരിയല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.