ന്യൂഡൽഹി : പരിക്കിന്റെയും പ്രസവത്തിന്റെയും ഇടവേളയ്ക്ക് ശേഷം 2020 ജനുവരിയിൽ താൻ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. തന്റെ കരിയറിൽ ഇനിയൊന്നും തെളിയിക്കാനില്ലെന്നും തിരിച്ചുവരവ് ബോണസായി മാത്രമേ കരുതുന്നുള്ളൂവെന്നും 32 കാരിയായ സാനിയ പറഞ്ഞു. പ്രസവത്തിന് ശേഷം ദിവസേന നാലുമണിക്കൂർ കഠിന വ്യായാമത്തിലൂടെ 26 കിലോഗ്രാം കുറച്ചാണ്് സാനിയ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്.
സൈനയും ശ്രീകാന്തും പുറത്ത്
ബാങ്കോക്ക് : പ്രമുഖ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും കെ. ശ്രീകാന്തും തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി പുറത്തായി. ഏഴാം സീഡായ സൈന ജപ്പാന്റെ സയാക്ക തകഹാഷിയോട് ആദ്യ ഗെയിം നേടിയശേഷമാണ് തോറ്റത്. സ്കോർ 21-16, 11-21, 14-21 പിന്നാലെ ശ്രീകാന്ത് തായ്ലൻഡിന്റെ ഖോസിറ്റ് ഫെറ്റ് പ്രദാപിനോട് 21-11, 16-21, 12-21ന് തോറ്റ് പുറത്തായി പി. കാശ്യപും രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിൽ വിജയിച്ച് ക്വാർട്ടറിലെത്തി. ഇന്ത്യൻ താരം തന്നെയായ ശുഭാങ്കർ ഡേയെ 21-18, 21-19 നാണ് സായ് കീഴടക്കിയത്.
ക്രിസ്റ്റ്യാനോയും മെസിയും
ബെസ്റ്റ് അവാർഡ് പട്ടികയിൽ
സൂറിച്ച് : ഫിഫയുടെ മികച്ച താരത്തിനുള്ള ബെസ്റ്റ് അവാർഡ് ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങളായ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിച്ചു. അയാക്സ് താരം ഫ്രെങ്കീ ഡി ജോംഗ്, മുഹമ്മദ് സലാ, എദൻ ഹസാഡ്, മത്തീസ് ഡിലൈറ്റ്, ഹാരി കേൻ, എംബാപ്പെ, സാഡിയോ മാനേ, വിർജിൽ വാൻഡിക്ക് എന്നിവരും ഷോർട്ട് ലിസ്റ്റിലുണ്ട്. മികച്ച കോച്ചിനുള്ള ചുരുക്കപ്പട്ടികയിൽ അൾജീരിയൻ കോച്ച് ജമീൽ ബെൽമാഡി , ഫ്രഞ്ച് കോച്ച് ദെഷാംപ്സ്, മാഞ്ചസ്റ്റർ സിറ്റി കോച്ച് ഗ്വാർഡിയോള , ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് തുടങ്ങിയവർ ഇടംപിടിച്ചു.
ബെൻസേമയ്ക്ക് ഹാട്രിക്
റയലിന് വിജയം
മ്യൂണിക് : കഴിഞ്ഞ രാത്രി നടന്ന പ്രീസീസൺ ഫ്രണ്ട്ലി ഫുട്ബാൾ മത്സരത്തിൽ സ്പാനിഷ് ക്ളബ് റയൽമാഡ്രിഡ് 5-3ന് തുർക്കി ക്ളബ് ഫെനർബാഷയെ കീഴടക്കി. റയലിന് വേണ്ടി ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ ഹാട്രിക് നേടി.
വംശീയാധീക്ഷേപം: ശിക്ഷ
ആറ് മത്സരവിലക്ക്
ലണ്ടൻ : കളിക്കളത്തിലെ വംശീയാധിക്ഷേപത്തിന് നൽകുന്ന അഞ്ച് മത്സരവിലക്ക് ആറായി ഉയർത്തിയതായി ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു
ലങ്ക പരമ്പര തൂത്തുവാരി
കൊളംബോ : ബംഗ്ളാദേശിനെതിരായ മൂന്നാം ഏകദിനത്തിലും ജയിച്ച് ശ്രീലങ്ക പരമ്പര തൂത്തുവാരി. കൊളംബോയിൽ 122 റൺസിനായിരുന്നു മൂന്നാം ഏകദിനത്തിലെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 294/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ബംഗ്ളാദേശ് 36 ഒാവറിൽ 172 ന് ആൾ ഒൗട്ടായി.