pocso-

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റങ്ങൾക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന പോക്സോ ഭേദഗതി ബില്ല് പാർലമെന്റ് പാസാക്കി. ജൂലായ് 24ന് രാജ്യസഭ പാസാക്കിയ ബില്ല് ഇന്നലെ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.


ലിംഗ വ്യത്യാസമില്ലാതെ കുട്ടികൾക്കെതിരായ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്രവനിതാശിശുക്ഷേ മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. അതേസമയം വധശിക്ഷ നൽകുന്നതിനെ ഡി.എം.കെ എം.പി കനിമൊഴിയും തൃണമൂലിലെ ശതാബ്ദി റോയിയും എതിർത്തു.

പതിനെട്ടു വയസിൽ താഴെയുള്ള എല്ലാവരെയും കുട്ടികളായി കണക്കാക്കിയാണ് ശിക്ഷ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്.

2012ലെ പോക്സോ നിയമത്തിലെ സെക്‌ഷൻ 4, 5, 6, 9,14,15 തുടങ്ങിയ വകുപ്പുകളിലാണ് ഭേദഗതി. കത്വ, ഉന്നാവ പീഡന സംഭവങ്ങളെ തുടർന്ന് കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് ബിൽ പാസാക്കിയത്.

വ്യവസ്ഥകൾ

പ്രകൃതിദുരന്തങ്ങൾക്ക് ഇരകളായ കുട്ടികളെ പീഡിപ്പിക്കൽ, നേരത്തെ ലൈംഗിക ശേഷി നേടാൻ കുട്ടികളിൽ രാസവസ്‌തുക്കൾ കുത്തിവയ്‌ക്കൽ, കുട്ടികളുടെ ലൈംഗിക ചിത്രങ്ങൾ, വീഡിയോ എന്നിവ ചിത്രീകരിക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ശിക്ഷ

ലൈംഗിക പീഡനത്തിൽ കുട്ടികൾ മരിക്കുന്ന കേസിൽ പ്രതിക്ക് കുറഞ്ഞത് 20 വർഷം തടവും കൂടിയത് വധശിക്ഷയും

16 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ഗുരുതര ലൈംഗിക അതിക്രമങ്ങൾക്ക് 20 വർഷം മുതൽ ജീവിതാവസാനം വരെ തടവും പിഴയും.

അശ്ലീല ചിത്രങ്ങൾക്കായി കുട്ടികളെ ഉപയോഗിച്ചാൽ കുറഞ്ഞത് 5 വർഷം തടവ്.