elif-

ഇക്കൊല്ലത്തെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയത് 13 നോവലുകളാണ്. ഇന്ത്യൻ വംശജൻ സൽമാൻ റുഷ്ദിയുടെ ക്വിക്‌സോട്ട് എന്ന നോവലും ഇത്തവണത്തെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ വ്യത്യസ്തമായ ശൈലികൊണ്ട് ശ്രദ്ധേയമായ നോവലാണ് തുർക്കി വനിതയായ എലിഫ് ഷഫാകിന്റെ '10 മിനിറ്റ്‌സ് 38 സെക്കൻഡ്സ് ഇൻ ദിസ് സ്‌ട്രേഞ്ച് വേൾഡ്' എന്ന നോവൽ. എലിഫ് ഷഫാകിന്റെ 11-ാമത്തെ നോവലാണ് ഇത്. തെരുവിൽ മരിച്ചുകിടക്കുന്ന ഒരു ലൈംഗികത്തൊഴിലാളിയുടെ ഓ‍ർമ്മകളിലൂടെ ഒരു നാടിന്റെയും അവിടുത്തെ സ്ത്രീകളുടെയും കഥയാണ് നോവലിൽ എലിഫ് ഷഫാക് വരച്ചുകാട്ടുന്നത്.

'ടാകീല ലെയ്ല' എന്ന ലൈംഗിക തൊഴിലാളിയുടെ മരണത്തിലൂടെയാണ് നോവലിന്റെ ആരംഭം. ആക്രമണത്തിനിരയായി തെരുവിൽ മരിച്ചുകിടക്കുന്ന ടാകീല ലെയ്ലയുടെ ഹൃദയം നിലച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചിട്ടില്ല. മസ്തിഷ്‌കം ജീവനോട് മല്ലിടുന്ന 10 മിനിറ്റും 38 സെക്കൻഡിനുള്ളിൽ ടാകീല ലെയ്ല ഓർത്തെടുക്കുന്ന സ്വാദുകളിലൂടെയും ആ സ്വാദുകൾ ഉണർത്തുന്ന ഓർമകളിലൂടെയുമാണ് നോവൽ ഇതൾവിരിയുന്നത്.

ഇസ്താംബൂളിലെ തെരുവിന്റെ മക്കളായ ടാകീല ലെയ്ലയുടെയും അവരുടെ അഞ്ചു സുഹൃത്തുക്കളുടെയും കഥയിൽ സൗഹൃദവും സ്‌നേഹവും പ്രണയവുമുണ്ട്. ഇതിനൊപ്പം മതങ്ങളുടെ രാഷ്ട്രീയവും വർഗീയതയും ബാലപീഡനവും ലിംഗ വിവേചനവും അഴിമതിയും കുത്തഴിഞ്ഞ നിയമവ്യവസ്ഥയും നോവല്‍ തുറന്നുകാട്ടുന്നു. കുടുംബത്തിന്റെ ദുരഭിമാനത്തിന് മുന്നിൽ സ്വന്തം ആശകളും അവകാശങ്ങളും ആത്മാഭിമാനവും അടിയറവ് വയ്‌ക്കേണ്ടിവന്ന മനുഷ്യജന്മങ്ങളാണ് എലിഫ് ഷഫാക്കിന്റെ '10 മിനിറ്റ്‌സ് 38 സെക്കൻഡ്സ് ഇൻ ദിസ് സ്‌ട്രേഞ്ച് വേൾഡ്' എന്ന നോവലിലുള്ളത്.

ഇതുവരെയും 17 പുസ്തകങ്ങളാണ് എലിഫ് ഷെഫാക്കിന്റേതായി പുറത്തുവന്നിട്ടുള്ളത്. തന്റെ കഥകളില്‍ ഫെമിനിസവും പാരമ്പര്യവും അദ്ധ്യാത്മദര്‍ശനങ്ങളും സൂഫിയിസവും രാഷ്ട്രീയവും ഒരുപോലെ സമന്വയിപ്പിക്കുന്ന എഴുത്തുകാരിയാണ് എലിഫ് ഷഫാക്.

2006ൽ പുറത്തിറങ്ങിയ 'ദി ബാസ്റ്റാർഡ് ഓഫ് ഈസ്താംബൂൾ എന്ന നോവലിലൂടെയാണ് എലിഫ് ഷഫാക് ശ്രദ്ധേയയായത്.. ഈ നോവലിൽ 1915ൽ നടന്ന അര്‍മീനിയക്കാരുടെ കൂട്ടക്കൊലയെ വംശനശീകരണം എന്ന് വിശേഷിപ്പിച്ചതിനെതുടർന്ന് തുർക്കി സർക്കാർ എലിഫ് ഷഫാഖിനെതിരേ കോടതിവിചാരണ ആരംഭിക്കുകയുണ്ടായി. എന്നാൽ പിന്നീട് ആ കേസിൽ നിന്ന് അവർ കുറ്റവിമോചിതയാവുകയാണ് ഉണ്ടായത്. നാലുവർഷങ്ങള്‍ക്കിപ്പുറം, 'ദി 40 റൂൾസ് ഓഫ് ലവ്' എന്ന നോവലിലൂടെ എല്ല റുബിൻസ്റ്റെയ്ൻ എന്ന സ്ത്രീയുടെ കഥ പറഞ്ഞ എലിഫ് ഷഫാക് ലോക സാഹിത്യത്തില്‍ ഇടം ഉറപ്പിക്കുകയായിരുന്നു.

2004-ൽരചിച്ച തന്റെ ആദ്യ ഇംഗ്ലീഷ് നോവലായ 'ദി സെയിന്റ് ഓഫ് ഇൻസിപ്പിയന്റ് ഇൻസാനിറ്റീസ്' മുതൽ '10 മിനിറ്റ്‌സ് 38 സെക്കൻഡ്സ് ഇന്‍ ദിസ് സ്‌ട്രേഞ്ച് വേൾഡ്' വരെയുള്ള നോവലുകളിൽ തുർക്കിക്കുവേണ്ടിയുള്ള എലിഫ് ഷഫാകിന്റെ പോരാട്ടം വായിച്ചെടുക്കാൻ നമുക്കാവും.