ന്യൂഡൽഹി: കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ താൻ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് വീണ്ടും പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ ഇപ്പോഴും തയാറാണെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.
'ഇക്കാര്യം തീരുമാനിക്കേണ്ടത് മോദിയാണ്. ഞാൻ പ്രധാനമന്ത്രി ഖാനുമായി(ഇമ്രാൻ) സംസാരിച്ചിരുന്നു. അത് നല്ലൊരു കൂടികാഴ്ചയായിരുന്നു. അവർ രണ്ട് പേരും വളരെ നല്ല ആളുകളാണ്. മോദിയും ഖാനും. അവർക്ക് നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോകാനാകും എന്നാണ് ഞാൻ കരുതുന്നത്. കാശ്മീർ വിഷയത്തിൽ അവരെ സഹായിക്കാനും അതിൽ ഇടപെടാനും അവർക്ക് ആരെയെങ്കിലും വേണമെങ്കിൽ...ഞാൻ ഇക്കാര്യം ഖാനുമായി സംസാരിച്ചിരുന്നു. ഇന്ത്യയോടും ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. എന്നാൽ ഈ യുദ്ധം... ഏറെ നാളുകളായി നടക്കുകയാണ്.' ട്രംപ് പറയുന്നു.
കശ്മീരിന്റെ കാര്യം താൻ മോദിയുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. ഇതിന് മുൻപ്, കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
എന്നാൽ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ഇന്ത്യൻ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു.