അഗർത്തല: ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 95 ശതമാനം സീറ്റുകളും ഭരണകക്ഷിയായ ബി.ജെ.പി സ്വന്തമാക്കി. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞ ദിവസമാണ് നടന്നത്. വോട്ടെണ്ണൽ ഫലം പുറത്ത് വന്നപ്പോൾ സി.പി.എം തകർന്നടിയുന്ന കാഴ്ചയ്ക്കാണ് ത്രിപുര സാക്ഷ്യം വഹിച്ചത്. 79 ജില്ലാ പഞ്ചായത്ത്, 833 ഗ്രാമ പഞ്ചായത്ത് 82 പഞ്ചായത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
833 ഗ്രാമ പഞ്ചായത്തുകളിൽ 638 സീറ്റുകൾ ബി.ജെ.പി സ്വന്തമാക്കി. അതേസമയം കോൺഗ്രസ് നേടിയത് 158 സീറ്റുകളാണ്. സി.പി.എമ്മിന് ആകെ ലഭിച്ചത് 22 സീറ്റുകളും. ഒമ്പത് സീറ്റുകൾ സ്വതന്ത്രരും ഐപിഎഫ്ടി ആറ് സീറ്റുകളും നേടി. ജില്ലാ പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ ബി.ജെ.പി നേടി. കോൺഗ്രസിന് ലഭിച്ചത് രണ്ട് സീറ്റ് മാത്രം. അതേസമയം സി.പി.എമ്മിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. പഞ്ചായത്ത് സമിതികളിൽ 74 സീറ്റുകൾ ബി.ജെ.പിക്കും കോൺഗ്രസിന് ആറും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.