ന്യൂഡൽഹി: ലോക്സഭയിൽ പോക്സോ ബില്ലിന്റെ ഭേദഗതി ചർച്ചയ്ക്കിടെ ഉന്നാവോ സംഭവത്തെ കുറിച്ച് സംസാരിച്ച രമ്യ ഹരിദാസിന് വിമർശനം. ചർച്ചയ്ക്കിടെ ഉന്നാവോ വിഷയം എടുത്തിട്ട ആലത്തൂർ എം.പിയോട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും, ബി.ജെ.പി എം.പി കിരൺ ഖേറും പൊട്ടിത്തെറിക്കുകയായിരുന്നു.
ഉന്നാവോയിലെ പെൺകുട്ടിയും കുടുംബവും നേരിട്ട ദുരിതങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു രമ്യ. ഒരു ബി.ജെ.പി എം.എൽ.എ തന്നെ ഇത്തരം ഒരു വിഷയത്തിൽ കുറ്റാരോപിതനായ നിൽക്കുമ്പോൾ പോക്സോ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്ക്ക് വരുന്നതിൽ വൈരുദ്ധ്യമുണ്ടെനും രമ്യ ചൂണ്ടിക്കാട്ടി. മലയാളത്തിലാണ് രമ്യ ഹരിദാസ് സംസാരിച്ചത്.
എന്നാൽ രമ്യയുടെ വാക്കുകളെ വിമർശിച്ച് കിരൺ ഖേർ രംഗത്ത് വന്നു. ബിൽ ഭേദഗതി ചർച്ച ചെയ്യുന്നതിനിടെ രാഷ്ട്രീയം കലർത്താൻ നോക്കിയത് ഒട്ടും ശരിയല്ലെന്നും രമ്യ മലയാളത്തിൽ സംസാരിച്ചത് മനഃപൂർവമാണെന്നുമാണ് ബി.ജെ.പി എം.പി കിരൺ ഖേർ പറഞ്ഞത്. ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ ബി.ജെ.പിയെ വലിച്ചിഴയ്ക്കാൻ പാടില്ലായിരുന്നുവെന്ന് രമ്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സ്‌മൃതി ഇറാനിയും പറഞ്ഞു.
സഭയിലെ മറ്റ് ബി.ജെ.പി അംഗങ്ങളും രമ്യയുടെ പ്രസംഗത്തെ എതിർത്തുകൊണ്ട് രംഗത്ത് വന്നു. ക്രൂരമായ കുറ്റങ്ങൾ ചെയ്യുന്ന ബി.ജെ.പിക്കാരെയും ബില്ലിൽ നിന്നും ഒഴിവാക്കില്ലെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. ഇതോടെ സഭയിലെ ബഹളം അവസാനിച്ചു. രമ്യയുടെ പ്രസ്താവനയെ ബി.ജെ.പിയിതര അംഗങ്ങൾ മേശയിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
പീഡന കുറ്റങ്ങളിലെ ഇരകൾക്ക് നിയമസഹായം നൽകുന്നവരെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരകൾക്ക് എത്രയും വേഗത്തിൽ നീതി ലഭ്യമാക്കാൻ ശ്രമിക്കണമെന്നും രമ്യ ലോക്സഭയിൽ ആഞ്ഞടിച്ചു. പീഡിപ്പിക്കപ്പെട്ട ഉന്നാവോ പെൺകുട്ടിക്കും കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.