ശ്രീനഗർ: ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിലേക്ക് വീണ്ടും 28,000 അർദ്ധ സൈനികരെ വിന്യസിക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. കൂടാതെ കാശ്മീരിലെ കരസേനയോടും വ്യോമസേനയോടും ജാഗ്രത പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.നിയന്ത്രണ രേഖയിൽ നിയോഗിച്ച രാഷ്ട്രീയ റൈഫിൾസ്, മറ്റ് അർദ്ധ സൈനിക വിഭാഗങ്ങൾ എന്നിവരോട് എന്തിനും ഏതിനും തയ്യാറായിരിക്കണമെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന നിർദ്ദേശം.
കാശ്മീർ താഴ്‌വരയിൽ ഭീകരരെ ഉപയോഗിച്ച് പാകിസ്ഥാൻ ഏത് സമയത്തും ആക്രമണം നടത്തിയേക്കാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജാഗ്രത നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ കാശ്മീർ താഴ്‌വരയിൽ വ്യോമസേന യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് പട്രോളിംഗ് നടത്തുന്നുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രണ്ടു ദിവസത്തെ കാശ്മീർ സന്ദർശനത്തിനു ശേഷം മടങ്ങിയതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച 100 കമ്പനി അർദ്ധ സൈനികരെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് സൈന്യത്തെ വിന്യസിക്കുകയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
വടക്കൻ കാശ്മീരിൽ കൂടുതൽ സേനയെ നിയോഗിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞിരുന്നു. ഈ റിപ്പോർട്ടും കൂടി കണക്കിലെടുത്താണ് സൈന്യത്തെ അയക്കാൻ തീരുമാനിച്ചത്. കൂടുതൽ സേനയെ നിയോഗിക്കുന്നതിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.