s-jaishankar

ന്യൂഡൽഹി: കശ്‍മീർ സംബന്ധിച്ച വിഷയത്തിൽ പാകിസ്ഥാനുമായി മാത്രമാണ് ഇന്ത്യ ചർച്ചകൾ നടത്തുകയെന്നും അമേരിക്ക ഇക്കാര്യത്തിൽ ഇടപെണ്ടതില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മദ്ധ്യസ്തത വഹിക്കാൻ അമേരിക്ക തയാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മറുപടി നൽകുകയായിരുന്നു ജയ്ശങ്കർ. തായ്‌ലൻഡിൽ നടന്ന ആസിയാൻ സമ്മേളനത്തിൽ അമേരിക്കൻ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയോടാണ് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

'കശ്മീർ വിഷയത്തിലുള്ള ചർച്ചകൾ പാകിസ്ഥാനുമായി മാത്രമാണ് നടക്കുക എന്നും ഇരു രാജ്യങ്ങളും തമ്മിലാണ് ചർച്ചകൾ നടക്കേണ്ടതെന്നും അമേരിക്കൻ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയെ വ്യക്തതയോടെ ഇന്ന് രാവിലെ അറിയിക്കാൻ കഴിഞ്ഞു.' എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ താൻ മദ്ധ്യസ്ഥന്റെ സ്ഥാനം വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനും ഇടയിൽ മദ്ധ്യസ്ഥത വഹിക്കാൻ താൻ ഇപ്പോഴും തയാറാണെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി.

കശ്‍മീരിന്റെ കാര്യം താൻ മോദിയുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപ്, കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. എന്നാൽ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്‍മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.