aeroplane

വാഷിംഗ്‌ടൺ: റോഡിലൂടെ വാഹനം ഓടിച്ച് പോകുമ്പോൾ തൊട്ടുമുന്നിൽ ഒരു വിമാനം വന്നിറങ്ങിയാൽ എന്ത് ചെയ്യും? അങ്ങനെയൊരു സംഭവമാണ് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ സ്റ്റേറ്റ് ഹൈവേയിൽ സംഭവിച്ചത്. വാഹനങ്ങളുടെ മുകളിലൂടെ ചീറിപാഞ്ഞ് വന്ന വിമാനം നേരെ റോഡിന്റെ നടുക്ക് ലാൻഡ് ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

പെട്ടെന്ന് തങ്ങൾക്ക് നേരെ വരുന്ന വിമാനത്തെ കണ്ട് ഏതാനും പേർ വാഹനങ്ങൾ വെട്ടിച്ച് മാറ്റി. മറ്റ് ചിലരാണെങ്കിൽ വേഗത്തിൽ ഓടിച്ച് പോകുകയാണ് ചെയ്‍തത്. ഏതായാലും ഒരു സാധാരണ വാഹനം പോലെ റോഡിലെ ചുവപ്പ് ലൈറ്റിൽ വിമാനം വന്നു നിന്നതോടെ എല്ലാവർക്കും ശ്വാസം നേരെ വീണു. എൻജിൻ പ്രൊപ്പല്ലർ(വിമാനത്തിന് മുന്നിലെ കറങ്ങുന്ന പങ്ക) ഉപയോഗിക്കുന്ന ചെറു വിമാനമാണ് ഈ വിധത്തിൽ ഹൈവേയിൽ ഇറങ്ങിയത്.

വിമാനം റോഡിൽ നിന്നതിന് ശേഷം പൊലീസ് 'പറന്നെ'ത്തി വിമാനത്തിൽ നിന്നും പൈലറ്റിനെ ഇറക്കുന്നതും വിമാനം ഹൈവേയിൽ നിന്നും വലിച്ച് മാറ്റി നീക്കുന്നതും വീഡിയോയിൽ കാണാം. ക്ലിന്റ് തോംസൺ എന്നയാളുടെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിമാനം താഴേക്ക് വരുന്നത് കണ്ട് ക്ലിന്റ് തന്റെ വാഹനം 360 ഡിഗ്രിയിൽ വെട്ടിത്തിരിച്ച് വിമാനത്തെ പിന്തുടരുകയായിരുന്നു. ഡേവിഡ് എക്ലാം എന്നയാളാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിലെ യന്ത്രത്തകരാറ്‌ മൂലമാണ് ഡേവിഡിന് അടിയന്തിരമായി വിമാനം നടുറോഡിൽ ഇറക്കേണ്ടി വന്നത്.