mohanlal-tk-rajeev-kumar

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി സിനിമകൾ സമ്മാനിച്ച ചലച്ചിത്ര സംവിധായകനാണ് ടി.കെ രാജീവ് കുമാർ. പവിത്രം, ഒറ്റയാൾ പട്ടാളം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ ചിത്രള്ളെല്ലാം തന്നെ കഥാംശം കൊണ്ടും അഭിനയ മുഹൂർത്തങ്ങളാലും പ്രേക്ഷകന് പ്രിയങ്കരങ്ങളാണ്. ഇതിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം കാഴ്‌ചക്കാർക്ക് ഇന്നും മനസിൽ ഒരു വിങ്ങലാണ്. ചിത്രത്തിലെ ലാലിന്റെ ചേട്ടച്ഛൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ അത്ഭുതപ്രകടനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മോഹൻലാലുമൊത്തുള്ള സിനിമകളിൽ തന്നെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങൾ നിരവധിയാണെങ്കിലും അതിൽ ഏറ്റവും പ്രധാനം പവിത്രത്തിന്റെ ക്ളൈമാക്‌സ് തന്നെയാണെന്ന് ടി.കെ രാജീവ് കുമാർ പറയുന്നു.

'മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീൻ. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാൻ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്‌ത ദിവസം പ്രമുഖ സൈക്യാട്രിസ്‌റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണിൽ വിളിച്ചു. ഒരാൾ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാൽ ഭംഗിയായി ചെയ്‌തിട്ടുണ്ട്. അത്ഭുതം കൊണ്ട് നിശബ്‌ദനായി ഞാൻ'- ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജീവ് കുമാർ മനസു തുറന്നത്.

രഞ്ജി പണിക്കർ, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോളാമ്പിയാണ് ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രം. നിർമ്മാതാവായ സുരേഷ് കുമാറും ചിത്രത്തിൽ വ്യത്യസ്‌ത വേഷത്തിൽ എത്തുന്നുണ്ട്.