''സമ്മതിക്കത്തില്ല ഞങ്ങൾ. ഞങ്ങടെ തമ്പുരാന്റെ ശവം പോലും തന്നെ കാണിക്കാൻ..."
രോഷാകുലരായ ജനം അലറിവിളിച്ചു.
ശ്രീനിവാസ കിടാവിന്റെയും അനുജൻ ശേഖര കിടാവിന്റെയും മുഖങ്ങളിൽ പുച്ഛമായിരുന്നു.
''ഞാൻ ഇവിടുത്തെ എം.എൽ.എയാണ്. എന്നെ തടഞ്ഞാൽ നീയൊക്കെ വിവരമറിയും..."
ശ്രീനിവാസ കിടാവ് ജനത്തെ ഭീഷണിപ്പെടുത്തി.
''ഞങ്ങള് വോട്ട് തന്നതുകൊണ്ടല്ലേ താൻ എം.എൽ.എ ആയത്? ഇനിയും താൻ വരും. തൊഴുതുപിടിച്ച് പല്ലിളിച്ചോണ്ട്. മറക്കണ്ടാ."
ഒരു ചെറുപ്പക്കാരൻ ഒച്ച വച്ചു.
''നീ പോടാ...."
ജനക്കൂട്ടത്തിനിടയിലൂടെ കിടാക്കന്മാർ മുന്നോട്ടുനടന്നു.
ഒരു പോലീസ് ഓഫീസർ അവരുടെ അടുത്തുചെന്നു.
''സാർ... പ്ളീസ്. നിങ്ങള് മടങ്ങുന്നതാവും നല്ലത്. ഇത്രയും ജനത്തെ വെല്ലുവിളിച്ചുകൊണ്ട് തമ്പുരാന്റെ ബോഡി കാണാൻ പോകാതിരിക്കുന്നതാ നല്ലത്."
ശ്രീനിവാസ കിടാവിന്റെ കണ്ണുകൾ ചുരുങ്ങി. അയാൾ ആ ഓഫീസറുടെ നെഞ്ചിലെ നെയിംപ്ളേറ്റിലേക്കു നോക്കി.
''ബാലചന്ദ്രൻ താൻ ഇവിടെ പുതിയ ആളാ അല്ലേ?"
''സർ. റിസർവ് പോലീസ് സി.ഐയാണ് ഞാൻ."
''ചുമ്മാതല്ല... എന്നെ തടഞ്ഞുനിർത്താൻ ചങ്കൂറ്റമുള്ളവന്മാർ വരട്ടെ. ഞാനാരാണെന്ന് അപ്പോൾ തനിക്കു മനസ്സിലാകും. പിന്നെ ജനനായകന്മാർക്ക് സംരക്ഷണം ഒരുക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടിയാ. മറക്കണ്ടാ."
ബാലചന്ദ്രനെ തീർത്തും അവഗണിച്ച് കിടാക്കന്മാർ മുന്നോട്ടു പോകുകയാണ്.
അവിടെ ചുറ്റും നിന്ന പൊലീസിന്റെ ഷീൽഡുകൾക്ക് അവരെ തടയാൻ പറ്റാത്ത അവസ്ഥയായി.
ജനക്കൂട്ടം കിടാക്കന്മാരെ പൊതിഞ്ഞു.
അടുത്ത നിമിഷം ശേഖര കിടാവ് നിന്നു.
തന്റെ ശരീരത്തിനു പിന്നിൽ ഒരു ഐസ് പീസ് അകത്തേക്കു കയറിയതുപോലെ....
പെട്ടെന്ന് അത് പിൻവലിക്കപ്പെട്ടു.
''എന്തു പറ്റിയെടാ?"
ശ്രീനിവാസ കിടാവ് അനുജനെ നോക്കി.
ശേഖരൻ മിണ്ടിയില്ല.
പകരം വാരിയെല്ലുകൾക്ക് പിന്നിൽ തടവിയിട്ട് കൈപ്പത്തിയിലേക്കു നോക്കി.
ചോര...!
''ചേട്ടാ.." ഒറ്റ അലർച്ചയായിരുന്നു ശേഖരൻ.
എം.എൽ.എ മാത്രമല്ല ചുറ്റും നിന്നവരും കിടുങ്ങി.
''എന്നെ ആരോ കുത്തി ചേട്ടാ..."
ശേഖര കിടാവിന്റെ നാവു കുഴഞ്ഞു.
''ങ്‌ഹേ?"
ശേഖരന്റെ കൈപ്പത്തിയിലെ ചോര സി.ഐ ബാലചന്ദ്രനും കണ്ടു.
''ചാർജ്."
അയാൾ അലറി.
ചുറ്റും നിന്ന പോലീസിന്റെ ലാത്തികൾ ഉയർന്നുതാണു.
ജനം ചിതറിയോടി....
കൂട്ടത്തിൽ, മുഷിഞ്ഞ വസ്ത്രം ധരിച്ച ആ രൂപവും...
ഒരു പഴന്തുണിക്കെട്ടുപോലെ ശേഖര കിടാവ് തറയിലേക്കു വീണു.
''ശേഖരാ..."
വിലപിച്ചുകൊണ്ട്, എം.എൽ.എ ശ്രീനിവാസ കിടാവ് അനുജനെ താങ്ങി.
മണ്ണിലേക്ക് ചോര പതച്ചിറങ്ങുന്നത് അയാൾ കണ്ടു.
''ബാലചന്ദ്രാ... പ്ളീസ്..."
കിടാവ് വിളിച്ചു പറഞ്ഞു.
ബാലചന്ദ്രനു ദേഷ്യം വന്നു.
പക്ഷേ ആ സമയമായതിനാൽ സംയമനം പാലിച്ചു.
അയാൾ പോലീസുകാരെ വിളിച്ചു.
''ഇദ്ദേഹത്തെ വേഗം ആശുപത്രിയിലേക്കു കൊണ്ടുപോ."
പോലീസുകാർ ശേഖര കിടാവിനെ താങ്ങിയെടുത്ത് ജനറൽ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്കു നേരെ പോയി. തൊട്ടുപിന്നാലെ വേവലാതിയോടെ ശ്രീനിവാസ കിടാവും...
ജനങ്ങൾ ലാത്തിയടിയേറ്റ് ഓടിയപ്പോൾ അഴിഞ്ഞുപോയ ചെരുപ്പുകൾക്കൊപ്പം മറ്റൊന്നുകൂടി മണ്ണിൽ കിടപ്പുണ്ടായിരുന്നു.
ചോര പുരണ്ട ഒരു കത്തി.
വൈകിട്ട് നാലുമണി.
പോസ്റ്റുമോർട്ടത്തിനു ശേഷം അനന്തഭദ്രന്റെ മൃതദേഹം വിലാപയാത്രയായി കരുളായിക്കു കൊണ്ടുപോയി.
ഇന്ദിരാഭായി ഭർത്താവിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു വിലപിച്ചു....
തമ്പുരാക്കന്മാരുടെ സഹായത്തോടെ ജീവിച്ചിരുന്ന ആദിവാസികൾ അടക്കം നൂറുകണക്കിനാളുകൾ ആ സങ്കടത്തിൽ പങ്കുചേർന്നു.
മുറ്റത്തിന്റെ മൂലയിൽ അടുക്കളപ്പണിക്കു വന്നിരുന്ന സ്ത്രീയും അവരുടെ മകളും ഉണ്ടായിരുന്നു.
തങ്ങൾ കാരണമാണ് തമ്പുരാക്കന്മാരെ പോലീസ് അറസ്റ്റു ചെയ്തതെന്നും മരണത്തിലേക്കു നയിച്ചതെന്നുമുള്ള കുറ്റബോധത്താൽ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞുതൂവി...
അഞ്ചരയോടുകൂടി അനന്തഭദ്രന്റെ ശവശരീരം ചന്ദനമുട്ടികൾ കൊണ്ടു തീർത്ത ചിതയിൽ വച്ചു.
എന്നിട്ടും ആളുകൾ പിരിഞ്ഞുപോകാതെ കുറച്ചുനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു.
ഇരുട്ടു വീണു.
ജനങ്ങൾ മടങ്ങിത്തുടങ്ങി.
തമ്പുരാട്ടിമാർ വീടിനുള്ളിലായിരുന്നു...
പുറം പണിക്കാരായ ചിലർ മാത്രം മുറ്റത്ത് കുത്തിയിരുന്നു.
ചിതയിൽ നിന്നല്ല, തങ്ങളുടെ ഹൃദയത്തിൽ നിന്നാണ് പുക ഉയരുന്നതെന്ന് അവർക്ക് തോന്നി.
നാലുപേർ ഉണ്ടായിരുന്നു അവർ. ബീഡി കത്തിച്ചു വലിച്ചുകൊണ്ട് അവർ സംസാരിക്കുമ്പോൾ ഒരാൾ കൈ ചൂണ്ടി.
''എടാ. അത് കണ്ടോ..."
മറ്റുള്ളവരും ചിതയുടെ ഭാഗത്തേക്കു നോക്കി. അവിടെ ഒരാൾ!
(തുടരും)