ലക്‌നൗ: ഉന്നാവോ പെൺകുട്ടി ലക്‌നോവിൽ തന്നെ ചികിത്സ തുടരട്ടെ എന്നും, ഇപ്പോൾ ഡൽഹിയിലേക്ക് മാറ്റേണ്ടെന്നും സുപ്രീം കോടതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കോടതി ഇങ്ങനെ നിർദ്ദേശിച്ചത്. പെൺകുട്ടിയെ ഉടൻ ഡൽഹിയിലേക്ക് മാറ്റാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബം അറിയിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം സുപ്രീം കോടതി എടുത്തത്.
പെൺകുട്ടിയുടെ സുരക്ഷയും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കുടുംബവുമായി സംസാരിച്ച ശേഷം ഡൽഹിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു. പെൺകുട്ടിക്ക് കേന്ദ്രസേനയുടെ സുരക്ഷ നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു. മാത്രമല്ല പെൺകുട്ടിക്കും കുടുംബത്തിനും സി.ആർ.പി.എഫ് സുരക്ഷ അനുവദിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം ഉന്നാവോ കേസ് അന്വേഷിക്കാൻ പ്രത്യേക കോടതി രൂപീകരിക്കുമെന്നും കേസിന്റെ വിചാരണ നടപടികൾ 45 ദിവസത്തിനുള്ളിൽ പ്രത്യേക കോടതി പൂർത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം 7 ദിവസത്തിനകം പൂർത്തിയാക്കണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.