ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അമേരിക്കയിലെ പ്രഥമ ആശ്രമ ശാഖ സ്ഥാപിതമാകുകയാണ്. ഓഗസ്റ്റ് 17 ന് ടെക്‌സസിലെ ഡാളസ് നഗരത്തിനോട് ചേർന്ന ഗ്രാൻഡ് പ്രയറിയിലെ വിശാലമായ ആശ്രമഭൂമി, ലോകത്തെമ്പാടുമുള്ള ഗുരുദേവഭക്തരുടെ ആനന്ദാശ്രുക്കളാൽ അഭിഷിക്തമായ ആദ്യ ശിലാഖണ്ഡം സ്‌നേഹവായ്‌പോടെ ഹൃദയത്തിലേറ്റു വാങ്ങുമ്പോൾ മറ്റൊരു ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകുകയാണ് നാമോരോരുത്തരും. ഭേദചിന്തകൾക്കതീതമായി മനുഷ്യ മനസുകളെ ചേർത്ത് നിറുത്തുന്ന മഹത്തായ ആ ദർശനത്തിന്റെ പ്രകാശം പാശ്ചാത്യലോകത്തിലേക്ക് പ്രസരിപ്പിക്കുന്നതിനൊപ്പം നോർത്ത് അമേരിക്കയിലെ ഗുരുദേവ ഭക്തർക്ക് ശ്രീനാരായണ ഗുരുദേവനെ അറിയുന്നതിനും അനുഭവിക്കുന്നതിനും , ആരാധിക്കുന്നതിനും ഉപയുക്തമായ അർത്ഥസമ്പൂർണമായ ഒരു ആശ്രമാന്തരീക്ഷം , അതാണ് മഠം വിഭാവനം ചെയ്യുന്നത്.
ശിവഗിരി മഠം ഭാരതത്തിന് പുറത്തുള്ള പ്രഥമ ആശ്രമശാഖ അമേരിക്കയിൽ സ്ഥാപിക്കുമ്പോൾ അതൊരു നാഴികക്കല്ലാണ് . ഒപ്പം നിയോഗവും. ഗുരുദർശനത്തിന്റെ അന്തസത്ത ലോകക്ഷേമത്തിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആശ്രമത്തോടനുബന്ധിച്ചു വിശാലമായ ലൈബ്രറി, പബ്ലിക്കേഷൻ ഡിവിഷൻ , തുടർപഠനങ്ങൾക്കുള്ള സ്ഥിരം സംവിധാനം , ഗവേഷണം , യോഗ, മെഡിറ്റേഷൻ സെന്റർ. എന്നിവ പ്രവർത്തനസജ്ജമാകും . ഒപ്പം ഗുരു വിഭാവനം ചെയ്തതു പോലെ മണ്ണിനെയും, മനുഷ്യനെയും പ്രകൃതിയെയും ഒരുപോലെ സ്‌നേഹിച്ച് , പരിപാലിക്കാൻ ഉതകുംവിധമുള്ള സാമൂഹികസേവന പദ്ധതികളിലൂടെ അമേരിക്കൻ പൊതുമനസിനെ ആകർഷിക്കാനും ഈ മഹാദൗത്യത്തിലൂടെ സാധിക്കും. അങ്ങനെ ഏവരെയും ഒപ്പം ചേർത്തു നിറുത്തിക്കൊണ്ട് ഗുരുവിലേക്ക് എത്തിക്കുക എന്ന അതിവിശിഷ്ടമായ കർമ്മമാണ് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക ഏറ്റെടുത്തിരിക്കുന്നത് .
ശിവഗിരി മഠത്തിന്റെ ഈ മഹാസംരംഭത്തിന് നേതൃത്വം നൽകാൻ ഗുരുനിയോഗം ലഭിച്ചത് ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി കൂടിയായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിക്കാണ് . ദൗത്യ പൂർത്തീകരണത്തിനായി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആ സന്യാസി ശ്രേഷ്ഠന് അമേരിക്കയിലെയും ഭാരതത്തിന്റെ വിവിധദേശങ്ങളിലെയും ഗുരുഭക്തർ നൽകുന്ന പ്രചോദനം വാക്കുകൾക്കതീതമാണ്. അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, കുടുംബ കൂട്ടായ്‌മകൾ , ആശ്രമബന്ധുക്കൾ എവിടെയും ഭഗവാന്റെ അദൃശ്യമായ കരസ്‌പർശം സുകൃതികളായ ആത്മസഹോദരങ്ങളിലൂടെ അനുഭവിച്ചറിയുകയാണ്. ഗുരുധർമ്മത്തിൽ വിശ്വസിക്കുന്ന പ്രവാസികളാഗ്രഹിക്കുന്നത് ഒരേ മനസോടെ എത്രയും വേഗം ലക്ഷ്യപൂർത്തീകരണത്തിലേക്ക് നടന്നടുക്കണമെന്നാണ്.
നമുക്കേവർക്കും സാഫല്യത്തിന്റെ മുഹൂർത്തമാണ് വരാൻ പോകുന്നത് . നെടുനിദ്ര വിട്ട് ആ സ്വപ്‌നസാക്ഷാത്‌കാരത്തിലേക്ക് മിഴി തുറക്കാൻ സമയമായി. നാനാവിധമായ സങ്കുചിത ചിന്തകളാൽ ഇരുളിലാണ്ടുപോയ ലോകമനഃസാക്ഷിയിലേക്ക് മാനവികതയുടെ വെളിച്ചം കടന്നെത്തട്ടെ. മനുഷ്യ മനസുകളെ പരസ്‌പരം ചേർത്തു നിറുത്തുന്ന ഈ സേതുബന്ധനത്തിൽ തന്നാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാരാകാൻ നമുക്കോരോരുത്തർക്കും കഴിയും. മഹാഗുരുവിന്റെ വാക്കുകൾ .... ചിന്തകൾ , ആത്മാവിലേറ്റു വാങ്ങി ശ്രീനാരായണ ഗുരുദേവദർശനത്തിന്റെ വെളിച്ചം അമേരിക്കൻ മണ്ണിൽ പ്രസരിപ്പിക്കാൻ ശിവഗിരിമഠത്തിന്റെ ഈ മഹായജ്ഞത്തിനൊപ്പം അണിചേരാം.
(ലേഖകൻ ഫിലാഡൽഫിയ ശ്രീനാരായണ മിഷൻ പ്രസിഡന്റാണ് )