hum-hindu-leader

ഭോപ്പാൽ: മുസ്ലിം മതത്തിൽ പെട്ട വാർത്താ അവതാരകന്റെ മുഖത്ത് നോക്കുന്നത് ഒഴിവാക്കാൻ കണ്ണുകൾ മറച്ച് ഹിന്ദു സംഘടനാ നേതാവ്. ഒരു വാർത്താ ചാനലിന്റെ ചർച്ചയ്ക്കിടെയാണ് 'ഹം ഹിന്ദു'( ഞങ്ങൾ ഹിന്ദുക്കൾ) എന്ന സംഘടനയുടെ നേതാവായ അജയ് ഗൗതം ഇത്തരത്തിൽ പെരുമാറിയത്. മദ്ധ്യപ്രദേശിൽ മുസ്ലിം മതത്തിന് എതിരായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ഹം ഹിന്ദു'. 'പൂർണ സ്വരാജ്യത്തിനും' ഹിന്ദു രാഷ്ട്രത്തിനും' വേണ്ടി പ്രവർത്തിക്കുന്നവരാണ് തങ്ങൾ എന്നാണ് ഈ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നത്. 2015ലാണ് ഈ സംഘടന നിലവിൽ വരുന്നത്.

Hindu Leader?! I'm a Hindu and have never heard of this imbecile called Ajay Gautam. https://t.co/n0TaYwNmAY

— Brijesh Kalappa (@brijeshkalappa) August 2, 2019

ചർച്ച ലൈവായി പുരോഗമിക്കുന്നതിനിടെയാണ് 'സൗദ്‌ മുഹമ്മദ് ഖാലിദ്' എന്ന് പേരുള്ള വാർത്ത അവതാരകനെ നോക്കാൻ വിസ്സമ്മതിച്ച് ഇയാൾ കണ്ണുകൾ മറച്ചത്. ചർച്ച നയിച്ചത് സന്ദീപ് ചൗധരി എന്ന പ്രധാന അവതാരകനാണ്. പരിപാടിയുടെ രണ്ടാമത്തെ അവതാരകനായിരുന്നു മുഹമ്മദ് ഖാലിദ്. ഗൗതമിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഇനി മുതൽ ഇയാളെ ചാനലിന്റെ പരിപാടികളിലേക്ക് ക്ഷണിക്കില്ലെന്ന് വാർത്താ ചാനൽ തീരുമാനിച്ചിട്ടുണ്ട്. 'സൊമാറ്റോ' ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മുസ്ലിം ആയതിനാൽ ഉപഭോക്താവ് ഭക്ഷണം വേണ്ടെന്ന് വച്ച സംഭത്തെക്കുറിച്ചായിരുന്നു ചാനലിലെ ചർച്ച. അജയ് ഗൗതമിന്റെ ഈ പെരുമാറ്റത്തിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.