cafe-cofee

ബംഗളൂരു: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കഫെ കോഫീ ഡേ ഉടമ വി.ജി. സിദ്ധാർത്ഥ കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്നു ലഭിച്ച കണക്കുകൾ പ്രകാരം സിദ്ധാർത്ഥയ്ക്ക് 11,000കോടി രൂപയുടെ കടബാധ്യതയുണ്ട്.

പുതിയ കണക്ക് പ്രകാരം 2019 മാർച്ച് 31 ന് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് (സിഡിഇഎൽ) 6,547 കോടി രൂപയുടെ കടം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ ബാധ്യത കൂടാതെ, അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ നാല് സ്വകാര്യ ഹോൾഡിംഗ് കമ്പനികൾക്കും 2018-19 സാമ്പത്തിക വർഷം 3,522 കോടി രൂപയുടെ കുടിശ്ശികയുണ്ട്.

cafe-cofee

വി.ജി സിദ്ധാർത്ഥയുടെ സിഡിഎല്ലിന്റെ നാല് പ്രൊമോട്ടർ കമ്പനികൾ 2014 മുതൽ 3, 522 കോടി രൂപയുടെ ഓഹരികൾ വിവിധ വായ്പക്കാർക്ക് ഈട് വച്ചിരുന്നെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.സിഡിഇഎൽ സമാഹരിച്ച 1,028 കോടി രൂപ വായ്പയ്ക്ക് സിദ്ധാർത്ഥയും മറ്റ് രണ്ട് സിഡിഇഎൽ ഡയറക്ടർമാരും വ്യക്തിഗത ഗ്യാരന്റി നൽകിയിട്ടുണ്ടെന്നും കമ്പനിയുടെ 2017-18 വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സിഡിഎല്ലിന്റെ ഓഹരികളുടെ വില പെട്ടെന്ന് ഇടിഞ്ഞു. ഇത് സിദ്ധാർത്ഥയെ കൂടുതൽ അവതാളത്തിലാക്കി. കടം കൊടുത്തവർ തിരിച്ചടയ്ക്കാൻ നിർബന്ധിച്ചത് കൂടുതൽ ഓഹരികൾ പണയം വയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി.

സ്റ്റോക്ക് എക്ല്‌ചേഞ്ചിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം സിഡിഇഎല്ലിന്റെ ഓഹരി വില 2018 ജനുവരി 22 ന് 374.60 കോടി രൂപയിൽ നിന്ന് 48 ശതമാനം കുറഞ്ഞ് 2019 ജൂലൈ 29 ആകുമ്പോഴേക്ക് 192.55 രൂപയായി. സിദ്ധാർത്ഥയും ഗ്രൂപ്പ് സ്ഥാപനങ്ങളും സിഡിഎല്ലിൽ 53.93 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു. എന്നാൽ ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 75 ശതമാനവും പണയം വച്ചിട്ടുണ്ട്.

cafe-cofee

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം എഴുതിയ കത്തിൽ കമ്പനിയുടെ വർദ്ധിച്ചുവരുന്ന കട ബാധ്യതയെ നേരിടാൻ തനിക്കാവില്ലെന്നും ആദായനികുതി അധികൃതരുടെ കടുത്ത ഉപദ്രവം നേരിടുന്നുണ്ടെന്നും പരാമർശിച്ചിരുന്നു.

അതേസമയം കടം തീർക്കാൻ ഇദ്ദേഹത്തിന്റെ കുടുംബം കഫേ കോഫി ഡേ കമ്പനിയുടെ 90ഏക്കർ സ്ഥലം കൈമാറി പണം സ്വരൂപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇതാനായി യു.എസ് സ്ഥാപനമായ ബ്ലാക് സ്‌റ്റോണും ചർച്ചകൾ ആരംഭിച്ചതായി സൂചനയുണ്ട്. ഇടപാട് വിജയിച്ചാൽ ഏകദേശം 3000 കോടിരൂപ സമാഹരിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.