amit-shah

ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ യു.എ.പി.എ(നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിന് മുൻപ്, തങ്ങളുടെ ഭരണകാലത്ത് രാജ്യത്ത് പടർന്നു പിടിച്ച ഭീകരവാദ വിപത്തിനെ തടയാൻ ഒന്നും ചെയ്യാതിരുന്നതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി പ്രതിപക്ഷത്തായിരുന്നപ്പോഴെല്ലാം യു.എ.പി.എ ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.

2004, 08, 13 എന്നീ വർഷങ്ങളിൽ നിയമം ഭേദഗതി ചെയ്തപ്പോൾ ബി.ജെ.പി ഇതിനെ പിന്തുണച്ചിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഭീകരതയ്ക്ക് എതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഭീകരവാദത്തിന് മതമില്ലെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിന് നൽകുന്ന ഭേദഗതി ബില്ലാണ് ഇതോടെ പാർലമെന്റിലെ ഇരു സഭകളിലും പാസായിരിക്കുന്നത്. സഭയിൽ 147 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. 42 പേർ ബില്ലിനെ എതിർക്കുകയും ചെയ്തു. ഇതിനു മുൻപ് സംഘടനകളിൽ മാത്രമാണ് യു.എ.പി.എ നിയമം അനുസരിച്ച് ഭീകരവാദ കുറ്റം ചുമത്താൻ സാധിച്ചിരുന്നത്. 1967ലാണ് യു.എ.പി.എ നിയമം നിലവിൽ വരുന്നത്.

ഈ അധികാരം വ്യക്തികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ബിൽ ഭേദഗതിക്ക് ശമിച്ചത്. ബില്ലിലൂടെ, ഇങ്ങനെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അധികാരമുണ്ടാകും. ബിൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും, സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സഭ വോട്ടിലൂടെ തള്ളുകയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തെ 104 അംഗങ്ങൾ എതിർത്തു. 84 അംഗങ്ങൾ മാത്രമാണ് പ്രതിപക്ഷത്തെ അനുകൂലിച്ചത്. കഴിഞ്ഞ മാസം 24നാണ് ബിൽ ലോക്സഭയിൽ പാസായത്.