ayodhya-mediation

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട മാദ്ധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ര‌‌ഞ്ജൻ ഗോഗോയി അറിയിച്ചു. കേസ് ഇനി ആഗ്സ്റ്റ് ആറ് മുതൽ ദൈനംദിനാടിസ്ഥാനത്തിൽ സുപ്രീം കോടതിയിലെ തുറന്ന കോടതിയിൽ കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

മദ്ധ്യസ്ഥ ചർച്ചകൾക്കായി നേതൃത്വം നൽകിയ മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ പുരോഗതിയില്ല എന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണിത്. അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബ്റി മസ്ജിദ് ഭൂമി തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നേരത്തെ നിർദ്ദശിച്ചിരുന്നു.

തർക്കം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ മാർച്ച് എട്ടിനാണ് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹീം ഖലീഫുള്ള ചെയർമാനും ആത്മീയാചാര്യനും ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനും പ്രശസ്ത മദ്ധ്യസ്ഥനുമായ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളുമായി സമിതി രൂപീകരിച്ചത്. എട്ടാഴ്‌ചയാണ് അനുവദിച്ചത്. പിന്നീട് സമിതി അദ്ധ്യക്ഷന്റെ ആവശ്യം അംഗീകരിച്ച് ആഗസ്റ്റ് 15വരെ കാലാവധി നീട്ടി നൽകുകയായിരുന്നു.

തർക്കമുള്ള 2.77 എക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെയുള്ള 14 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്.