army

ശ്രീനഗർ: അമർനാഥ് തീർത്ഥാകരെ ആക്രമിക്കാനെത്തിയ ഭീകരൻ സൈന്യത്തിന്റെ പിടിയിൽ. അമർനാഥ് യാത്രാപാതയിൽ നിന്നും പിടിയിലായ ഭീകരനിൽ നിന്ന് അമേരിക്കൻ നിർമ്മിത എം-24 സ്‌നൈപ്പർ ഗണും പിടികൂടി. ശ്രീനഗറിൽ കരസേനയും പൊലീസും സംയുക്തമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ലെഫ്.ജനറൽ കെ.ജെ.എസ് ദില്ലൻ, ജമ്മു കാശ്‌മീർ ഡി.ജി.പി ദിൽബാഗ് സിംഗ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്‌മീരിലെ സമാധാനം കെടുത്താൻ പാകിസ്ഥാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലെഫ്.ജനറൽ ദില്ലൻ പറഞ്ഞു. എന്നാൽ താഴ്‌വരയിലെ സമാധാനത്തിന് ഭംഗം വരുത്താൻ തങ്ങൾ ആരെയും അനുവദിക്കില്ലെന്ന് അവിടുത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

'നിയന്ത്രണ രേഖയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെല്ലാം തന്നെ നിയന്ത്രണാധീതമാണ്. പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള എല്ലാ നുഴഞ്ഞു കയറ്റ ശ്രമങ്ങളും വിജയകരമായി തന്നെ നമ്മൾ തടഞ്ഞിട്ടുണ്ട്. പിടിച്ചെടുത്ത ഐ.ഇ.ഡി അടക്കമുള്ള സ്ഫോടക വസ്‌തുക്കളിൽ നിന്ന് പാകിസ്ഥാന്റെ പങ്ക് സുവ്യക്തമായി കഴിഞ്ഞു'- ദില്ലൻ വ്യക്തമാക്കി.