''ആരാ പ്രജീഷേ വാതിൽ തുറന്നത്?"
ചോദിച്ചുകൊണ്ട് ചന്ദ്രകല അകത്തേക്കോടി.
അകത്ത്....
കോവിലകത്തിനുള്ളിലെ മുഴുവൻ വൈദ്യുതി ലൈറ്റുകളും തെളിഞ്ഞു നിൽക്കുന്നു!
ഒരു കുട കമിഴ്ത്തി വച്ചിട്ട് അതിനുള്ളിൽ വിളക്കുകൾ തെളിയിച്ചതു പോലെയായിരുന്നു അത്.
കോവിലകത്തിനും ചുറ്റും മുകളിലും ഇരുട്ടിന്റെ മറ...
അടിയിൽ പ്രഭാപൂരം!
ചന്ദ്രകലയ്ക്കു പിന്നാലെ ഉള്ളിലേക്ക് ഓടുന്നതിനിടയിൽ പ്രജീഷ് ആനവാതിലിന്റെ പൂട്ടിലേക്കു നോക്കി.
അത് കുത്തിപ്പൊളിച്ചിട്ടില്ല. അതിനർത്ഥം താക്കോൽ ഉപയോഗിച്ചു തന്നെയാണ് തുറന്നിരിക്കുന്നത്.
പ്രജീഷ് പാൻസിന്റെ പോക്കറ്റിൽ തപ്പിനോക്കി. ആറ് ഇഞ്ച് നീളവും ഒരിഞ്ചു വണ്ണവുമുള്ള താക്കോൽ അവിടെയുണ്ട്!
വാതിലിന് അകത്തുനിന്നും പുറത്തു നിന്നും തുറക്കത്തക്ക രീതിയിലുള്ളതായിരുന്നു പൂട്ടിന്റെ നിർമ്മാണം.
''പ്രജീഷ്... വേഗം ഇങ്ങോട്ട് വന്നേ..."
അകത്തുനിന്നു ചന്ദ്രകലയുടെ വിളി.
അയാൾ തിടുക്കപ്പെട്ട് അവിടേക്കു ചെന്നു.
''നോക്ക്...."
ചന്ദ്രകല നടുമുറ്റത്തേക്കു കൈ ചൂണ്ടി. അവിടേക്കു നോക്കിയ പ്രജീഷിന്റെ സപ്തനാഡികളും തളർന്നു.
നടുമുറ്റത്ത്....
ചുങ്കത്തറ വേലായുധപ്പണിക്കർ തന്ന ചാർത്ത് അനുസരിച്ച് വാങ്ങിവച്ചിരുന്ന പൂജാസാധനങ്ങൾ മുഴുവൻ വാരിവലിച്ച് ചിതറിയിട്ടിരിക്കുന്നു.
''ശ്ശോ..." പ്രജീഷ് നെഞ്ചിൽ കൈവച്ചു.
''ഇനി നമ്മളെന്തു ചെയ്യും പ്രജീഷേ... ഈ രാത്രിയിൽ ഇതൊക്കെ എവിടെപ്പോയി വാങ്ങും?"
ചന്ദ്രകല തളർച്ചയോടെ തൂണിലേക്കു ചാരി.
''എന്നാലും ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരാണെന്നാ മനസ്സിലാകാത്തത്."
ചകിത ഭാവത്തിൽ പ്രജീഷ് ചുറ്റും നോക്കി.
''ആ പ്രേതം തന്നെ! പാഞ്ചാലിയുടെ. ഞാൻ പറഞ്ഞിട്ട് പ്രജീഷ് ശരിക്കും വിശ്വസിച്ചിട്ടില്ലല്ലോ..."
ചന്ദ്രകലയുടെ ശബ്ദം പതറി :
''ഹോമം നടക്കാതിരിക്കേണ്ടത് അവളുടെ ആവശ്യമല്ലേ?"
പ്രജീഷ് മറുപടി പറയാൻ ഭാവിക്കുകയായിരുന്നു.
പെട്ടെന്ന് മുറ്റത്ത് അംബാസിഡർ കാറിന്റെ ശബ്ദം.
''അവര് വന്നു." ചന്ദ്രകല മന്ത്രിച്ചു.
അര മിനിട്ടു കഴിഞ്ഞപ്പോൾ ചുങ്കത്തറ വേലായുധ പണിക്കരും പരുന്തു റഷീദും അണലി അക്ബറും കൂടി കടന്നുവന്നു.
ചന്ദ്രകലയുടെയും പ്രജീഷിന്റെയും ഭാവം കണ്ടപ്പോൾ പണിക്കർ നെറ്റി ചുളിച്ചു.
''എന്താ രണ്ടാൾക്കും ഒരു മ്ളാനത?"
മറുപടി പറയാതെ പ്രജീഷ് നടുമുറ്റത്തേക്ക് ആംഗ്യം കാട്ടി.
ആ കാഴ്ച പണിക്കരെയും അമ്പരപ്പിച്ചു. അല്പനേരം ചിതറിക്കിടക്കുന്ന സാധനങ്ങളിലേക്കു കണ്ണയച്ചു നിന്നു പണിക്കർ. പിന്നെ ചുണ്ടനക്കി:
''സാരമില്ല. ഇന്ന് കർമ്മങ്ങൾ നടക്കരുതെന്നാവും നിയോഗം. പക്ഷേ നമ്മളെ തോൽപ്പിക്കാമെന്നോ ഭയപ്പെടുത്താമെന്നോ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അത് മൂഢത്തരമാണ്."
പണിക്കർ നടുമുറ്റത്തേക്കിറങ്ങി മാനത്തേക്കു നോക്കി.
കറുത്ത മാനത്ത് അങ്ങിങ്ങു ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾ.
ആരോടെന്നില്ലാതെ പണിക്കർ ഉച്ചത്തിൽ പറഞ്ഞു :
''നീ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഒന്നോർത്തോ... നാളെ രാത്രിയിൽ ഞാൻ കർമ്മം നടത്തിയിരിക്കും. ഉച്ചാടനം ചെയ്ത് കാഞ്ഞിരത്തിൽ തറയ്ക്കുക എന്ന തീരുമാനം ഈ നിമിഷം ഞാൻ മാറ്റുന്നു.
കത്തിയെരിയുന്ന പ്ളാവിൻ വിറകിൽ എള്ളിനും ദർഭയ്ക്കും നെയ്ക്കുമൊപ്പം നിന്നെ ഞാൻ ഭസ്മമാക്കും. ഇനിയൊരു മനുഷ്യജന്മം കിട്ടാതെ കാക്കയായും പാമ്പായും പോത്തായും കഴുതയായും അലഞ്ഞു നടക്കാനാവും നിന്റെ വിധി! വേലായുധപ്പണിക്കരാണ് പറയുന്നത്."
അയാൾ പറഞ്ഞുനിർത്തിയ നിമിഷം ഒരു പൊട്ടിച്ചിരി കേട്ടു.
സകലരും വിറച്ചുപോയി.
നിമിഷങ്ങളോളം കോവിലകത്തിനുള്ളിൽ ആ ചിരി പ്രതിധ്വനിച്ചുനിന്നു. ശേഷം വികൃതമായ ഒരു ശബ്ദം : സ്ത്രീ ശബ്ദം.
''ഇനി മന്ത്രവാദം എന്നും പറഞ്ഞ് നീ ഈ കോവിലകത്തു വന്നാൽ.... നിന്റെ കത്തിക്കരിഞ്ഞ ശവമേ ഇവിടെ നിന്നു കൊണ്ടുപോകൂ..."
ആർക്കും ചലിക്കാനോ നവാനക്കാനോ കഴിഞ്ഞില്ല.
പിന്നെ ശബ്ദമൊന്നും കേട്ടില്ല. പണിക്കർ പകയോടെ ചുറ്റും നോക്കിക്കൊണ്ട് നടുമുറ്റത്തു നിന്ന് അകത്തിണ്ണയിലേക്കു കയറി.
''അവൾ ഘോരരൂപണിയായി നിൽക്കുകയാണ്. സർവ്വ ശക്തിയും ആവാഹിച്ചുകൊണ്ട് ! കർമ്മങ്ങൾക്ക് ഇനിയും അവൾ വിഘാതം സൃഷ്ടിച്ചേക്കാം. എങ്കിലും നമ്മൾ വിജയിക്കുകതന്നെ ചെയ്യും."
പ്രജീഷും ചന്ദ്രകലയും പണിക്കരെ നോക്കിയതല്ലാതെ നാവനക്കിയില്ല.
എത്രയോ കൊള്ളയും കൊലപാതകങ്ങളും തങ്ങൾ നടത്തിയിരിക്കുന്നു? എന്നാൽ ഇത്തരം ഒരനുഭവം ആദ്യമായാണെന്ന് പരുന്തും അണലിയും ഓർത്തു.
''നിങ്ങൾ പേടിക്കണ്ടാ..."
പണിക്കർ മടിയിൽ നിന്ന് രണ്ട് കറുത്ത ചരടുകൾ വലിച്ചെടുത്തു.
അത് ജപിച്ച് നെഞ്ചോടു ചേർത്ത് ഒരു നിമിഷം കണ്ണടച്ചു. ശേഷം ചന്ദ്രകലയുടെയും പ്രജീഷിന്റെയും കൈകളിൽ ബന്ധിച്ചു.
പക്ഷേ തങ്ങളെ രക്ഷിക്കാൻ അതിനു സാദ്ധ്യമാകുമോ എന്ന് അവർ ഇരുവരും സംശയിച്ചു.
(തുടരും)