നാടകീയമായ കഥയും തമാശയും ഭംഗിയുള്ള ഗാനരംഗങ്ങളുമുള്ള സിനിമകളാണ് ഒരു കാലത്തിവിടെ സുപ്പർഹിറ്റുകളായിട്ടുള്ളത്. റിയലിസ്റ്റിക് സിനിമകൾക്ക് പ്രേക്ഷകർ ഏറെയുള്ള ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള എന്റർറ്റെയിനറുകളെ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വച്ചെടുത്ത സിനിമയാണ് 'മാർഗ്ഗംകളി'. ക്ളിഷേകൾ ഏറെയുള്ള കഥാപശ്ചാത്തലം രസകരമായി അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുകയാണ്.
ഒരു ധനിക കുടുംബത്തിലെ ഏകപുത്രനാണ് സച്ചി. കുട്ടിക്കാലം മുതൽക്കേ മറ്റുള്ലവർക്കായി ഒന്നാന്തരം പ്രേമലേഖനം എഴുതാൻ മിടുക്കൻ. മുതിർന്നപ്പോൾ ഈ പരിപാടി ഏറെക്കുറെ നിറുത്തിയെങ്കിലും വേണ്ടപ്പെട്ടവരുടെ പ്രണയത്തിനായി സഹായിക്കാറുണ്ട് ഇയാൾ. യുക്തി വച്ച് കണ്ടാൽ മനസിലാകില്ലെങ്കിലും സച്ചിയുടെ വാക്കുകൾക്ക് എന്തോ മാരകമായ ശക്തിയാണ്. കുട്ടുകാരനായ ഉണ്ണിക്ക് വേണ്ടി ഫോൺ വഴി ഊർമിള എന്ന പെണ്ണിനോട് തുടങ്ങിയ സംസാരം സച്ചിക്ക് തന്നെ തലവേദനയാകുന്നു. ഒരിക്കലുണ്ടായ പ്രണയം നിരാശയിൽ അവസാനിച്ചതിൽ പിന്നെ ഒരു പെണ്ണില്ല എന്ന് ഉറപ്പിച്ച അയാളിൽ ഊർമിളയുടെ കടന്ന് വരവ് എങ്ങനെ മാറ്റമുണ്ടാക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥാതന്തു.
സച്ചിക്ക് മാത്രമല്ല പ്രശ്നങ്ങൾ. അവന്റെ അച്ഛനും അമ്മയും തമ്മിൽ ഒരു തെറ്റിധാരണയുടെ പേരിൽ ഇരുപത് വർഷമായി മിണ്ടാറില്ല. അവർക്കിടയിലെ ഇടനിലക്കാരനായ സച്ചിയെ ഇതേ കാരണം പറഞ്ഞ് ജോലിക്ക് പോകാനും മാതാപിതാക്കൾ സമ്മതിക്കാറില്ല. തമാശയുടെ മേമ്പൊടിയോടെ സച്ചിയെയും അയാളുടെ വേണ്ടപ്പെട്ടവരുടെയും കഥ അവതരിപ്പിച്ചിരിക്കുന്നു. ബൈജു അവതരിപ്പിക്കുന്ന കുടിയനായ ആന്റപ്പനും ഹരീഷ് കണാരന്റെ ടിക് ടോക് ഉണ്ണിയുമാണ് സച്ചിയുടെ പ്രധാന സുഹൃത്തുക്കൾ. ആന്റപ്പനും ടിക് ടോക് ഉണ്ണിയുമാണ് ചിത്രത്തിലെ പ്രധാന രസികന്മാർ. ഇവരോടൊപ്പം ധർമ്മജൻ ബോൾഗാട്ടിയുടെ ബിലാൽ എന്ന കഥാപാത്രവും രസകരമാണ്.
ചിത്രത്തിലെ ഗാനങ്ങൾ കാതിനും കണ്ണിനും ഒരു പോലെ സുഖകരമാണ്. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും എടുത്തുപറയേണ്ടവയാണ്.
ഒരുപാട് കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്ന സിനിമകൾ മലയാളത്തിലിറങ്ങുന്ന ഈ കാലഘട്ടത്തിൽ ഒരു കഥാപാത്രത്തിന്റെ സൗന്ദര്യത്തെ കുറിച്ച് കുത്തുവാക്കുകൾ പറയുന്നത് പിന്നോട്ടടിപ്പിക്കുന്ന ആശയമാണെന്ന് പറയേണ്ടി വരും. നല്ല ചില തമാശകളുടെ കൂട്ടത്തിൽ നിലവാരം കുറഞ്ഞ തമാശകളും ചിത്രത്തിലേറെയുണ്ട്. ബിബിൻ ജോർജ്, നമിത പ്രമോദ് എന്നിലരാണ് നായികാനായകന്മാരായെത്തുന്നത്. ബിബിൻ ജോർജ് തന്റെ പരിമിതികളെ അതിജിവിച്ച് സിനിമയിൽ സ്വന്തമായി ഇടം നേടാൻ പ്രാപ്തനാണെന്ന് വീണ്ടും തെളിയിക്കുകയാണ്. '96' എന്ന ചിത്രത്തിലെ കുട്ടിജാനുവിലൂടെ പ്രിയങ്കരിയായ ഗൗരി ജി. കിഷനും നല്ലൊരു വേഷത്തിലെത്തുന്നു.
സിദ്ദിഖ്, ശാന്തികൃഷ്ണ, ബൈജു, ഹരീഷ് കണാരൻ, ബിന്ദുപണിക്കർ, അനു ജോസഫ്, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചില നർമ്മമുഹൂർത്തങ്ങളുണ്ടെങ്കിലും ഏശാത്ത തമാശകളും ശരാശരിയിലൊതുങ്ങുന്ന കഥയുമാണ് ചിത്രത്തിന്റെ കുറവുകൾ. ആദ്യ ചിത്രമായ ‘കുട്ടനാടൻ മാർപാപ്പ’യിൽ നിന്ന് അധികമൊന്നും മുന്നോട്ട് പോകാൻ ‘മാർഗ്ഗംകളി’യിലൂടെ സംവിധായകൻ ശ്രീജിത്ത് വിജയ്ക്ക് കഴിഞ്ഞിട്ടില്ല. യുക്തി ഉപേക്ഷിച്ച് വന്നാൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
വാൽക്കഷണം: മാർഗ്ഗമില്ലെങ്കിൽ മാർഗ്ഗംകളിയാകാം
റേറ്റിംഗ്: 2.5/5